The government did not provide fodder; Farmers in crisis

സർക്കാർ കാലിത്തീറ്റ എത്തിയില്ല; പ്രതിസന്ധിയിൽ കർഷകർ

ഇടുക്കി: ക്ഷീരകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സബ്സിഡി കാലിത്തീറ്റ പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയെ തുടർന്ന്​ ഡയറി ഡിപ്പാർട്ട്മെൻറ്​ വഴി വിതരണം ചെയ്യുമെന്ന് അറിയിച്ച കാലിത്തീറ്റയാണ്​ അഞ്ചു മാസമായിട്ടും ലഭിക്കാത്തത്. അപേക്ഷ ഏപ്രിലിൽ സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി വിതരണം നടത്തുമെന്നറിയിച്ച ആഗസ്​റ്റിൽ കിട്ടിയില്ല. പ്രതീക്ഷയിൽ കാത്തിരുന്ന പല സംഘങ്ങളും ഒരുമാസമായി വേറെ കാലിത്തീറ്റ എടുത്ത് വിതരണം ചെയ്തിട്ടില്ല. ഒരോ ദിവസവും കാലിത്തീറ്റ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ക്ഷീരകർഷകർ രൊക്കം പണം നൽകി പൊതുവിപണിയിൽനിന്ന് വാങ്ങേണ്ട ഗതികേടിലാണ്​. കാലിത്തീറ്റ വിലയുടെ മൂന്നിലൊന്ന് തുകയാണ് സബ്സിഡി നൽകുന്നത്.

അനുവദിച്ച ഒരോ ചാക്കിനും കർഷകൻ 800രൂപ നൽകണം. സംഘങ്ങളിൽനിന്ന്​ എടുക്കുന്ന കാലിത്തീറ്റ വില ഗഡുക്കളായി പാൽവിലയിൽനിന്ന്​ പിടിക്കുന്നതിനാൽ കർഷകർക്ക് ഏറെ ആശ്വാസമുണ്ടായിരുന്നു. സംഘങ്ങളിൽ ഒരുമാസം തന്നെ മൂന്നുപ്രാവശ്യം ലോഡ് എത്തുമായിരുന്നു. വിവിധ ക്ഷീരസംഘങ്ങളിൽ അതുകൊണ്ട് സൗജന്യ കാലിത്തീറ്റ പ്രതീക്ഷിച്ച് മറ്റു കാലിത്തീറ്റകൾ എടുക്കാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമാണ്​.

കന്നുകാലികൾക്ക്​ കാലിത്തീറ്റ കൃത്യമായി നൽകാൻ കഴിയാത്തത്​്​ പാൽ ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സബ്സിഡി നൽകി വിതരണം ചെയ്യുന്ന കാലിത്തീറ്റ പ്രത്യേകം ചാക്കിലാക്കി മാറ്റി നിറക്കേണ്ടി വരുന്നതുകൊണ്ടാണ് കാലതാമസമെന്നാണ് മിൽമ ഫീഡ്സ് ഉദ്യോഗസ്ഥൻ പറയുന്നത്. ഹൈറേഞ്ചിലെ ക്ഷീരകർഷകരോട് ഉദ്യോഗസ്ഥർ കാണിക്കുന്ന അനീതിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.