മലങ്കര എൻട്രൻസ് പ്ലാസ
കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ മലങ്കര എൻട്രൻസ് പ്ലാസ
മുട്ടം: മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച മലങ്കര എൻട്രൻസ് പ്ലാസ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമിച്ചതെന്ന് മുട്ടം ഗ്രാമപഞ്ചായത്ത്. നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് പുതുക്കിയ അപേക്ഷ സമർപ്പിക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ചിട്ടും നടപടികൾ പൂർത്തിയാക്കാൻ എം.വി.ഐ.പി അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇതോടെ കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാതിരിക്കുകയും പ്രവർത്തനം ആരംഭിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു.
2015ൽ നിർമാണം ആരംഭിച്ചതെന്നാണ് എം.വി.ഐ.പിയുടെ അവകാശവാദം. എന്നാൽ മലങ്കര എൻട്രൻസ് പ്ലാസയുടെ നിർമാണം 2011ലെയും 2019ലെയും ബാധകമായ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചല്ല നടന്നതെന്ന് പഞ്ചായത്ത് എം.വി.ഐ.പിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. മുട്ടം സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിക്ക് നൽകിയ മറുപടിയിലാണ് പഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2024 ഫെബ്രുവരി 23ന് എൻട്രൻസ് പ്ലാസക്ക് കെട്ടിട നമ്പർ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയർ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, കെട്ടിട നിർമാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അപേക്ഷ പരിഗണിച്ചില്ല.
നിർമാണത്തിലെ ഏഴ് പ്രധാന അപാകതകൾ പരിഹരിച്ച് പുതുക്കിയ അപേക്ഷ സമർപ്പിക്കണമെന്നാണ് പഞ്ചായത്തിന്റെ നിർദേശം. ഫയർ എൻ.ഒ.സി ഉൾപ്പെടെ ആവശ്യമായ രേഖകളില്ല. 659.77 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം ‘ഡി’വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ (കെ.പി.ബി.ആർ) പ്രകാരം ഫയർ എൻ.ഒ.സി ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഇത് ഹാജരാക്കിയിട്ടില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു.
കൂടാതെ, അംഗവൈകല്യമുള്ളവർക്കായി നിയമപ്രകാരം ആവശ്യമായ ശൗചാലയ സൗകര്യം ഒരുക്കിയിട്ടില്ല. കെട്ടിടത്തിന്റെ പാർക്കിങ് പ്ലാനും രേഖപ്പെടുത്തിയിട്ടില്ല. സെപ്റ്റിക് ടാങ്കിൽനിന്ന് 7.5 മീറ്റർ ചുറ്റളവിനുള്ളിൽ കുടിവെള്ള സ്രോതസ്സുകളില്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. കെട്ടിട നമ്പർ നൽകേണ്ട മുറികളുടെ വിസ്തീർണം ഇനം തിരിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നതും പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ ഫണ്ട് മലങ്കര ടൂറിസം പദ്ധതിയുടെ കൈവശമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മലങ്കര പാർക്കിലേക്കുള്ള പ്രവേശന ഫീസായി ലഭിച്ച 20 ലക്ഷത്തിലധികം രൂപ ബാങ്കിൽ നിക്ഷേപമായി കിടക്കുന്നുണ്ടെന്നാണ് വിവരം.
ഈ തുക ഉപയോഗിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താൻ പോലും ജനറൽ കൗൺസിലിന് സാധിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കെട്ടിട നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് പഞ്ചായത്തിൽ പുതുക്കിയ അപേക്ഷ സമർപ്പിക്കാത്തതിനാൽ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച കെട്ടിടം ഉപയോഗശൂന്യമായി തുടരുകയാണ്. വിനോദസഞ്ചാരികൾക്കായി പ്രയോജനപ്പെടുത്തേണ്ട പദ്ധതിയുടെ ഭാഗമായ കെട്ടിടം ചട്ടലംഘനങ്ങളുടെ പേരിൽ പ്രവർത്തനം ആരംഭിക്കാനാകാതെ കിടക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.