ചെണ്ടുമല്ലി കൃഷിത്തോട്ടത്തിൽ ഷിബുലാൽ
ജയിൽവാസം ജീവിതം മാറ്റിമറിച്ചു; ചെണ്ടുമല്ലി കൃഷി ലഹരിയാക്കി ഷിബുലാൽ
ചെറുതോണി: ജയിൽവാസം ഷിബുലാലിന്റെ ജീവിതം മാറ്റിമറിച്ചു. കഞ്ചാവ് കേസിൽ ജയിൽവാസം അനുഭവിച്ച യുവാവ് പുറത്തിറങ്ങിയത് പുതിയൊരു മനുഷ്യനായായിരുന്നു. കഞ്ചാവുപേക്ഷിച്ച ഷിബുലാൽ ഇന്ന് ഒന്നര ഏക്കറിൽ ചെണ്ടുമല്ലി കൃഷി ചെയ്ത് മറ്റുള്ളവർക്ക് മാതൃകയാവുകയാണ്. ഇടുക്കി സ്വദേശി എം. ഷിബുലാലാണ് ഇടുക്കി ഗോൾഡിനോട് വിടപറഞ്ഞു ചെണ്ടുമല്ലി കൃഷിയിലേക്കു തിരിഞ്ഞത്.
ഒരു മാസം ജില്ല ജയിലിൽ കഴിഞ്ഞപ്പോൾ ഇദ്ദേഹം പഠിച്ചത് ജീവിതം മാറ്റിമറിക്കുന്ന പാഠമായിരുന്നു. കഞ്ചാവ് കൈവശംവെച്ച കേസിലാണ് ഈ 34കാരൻ ജയിലിലായത്. ഷിബുലാലിന്റെ ജീവിതത്തിൽ വഴിത്തിരിവായത് ജയിലിൽ കഴിഞ്ഞ ആ ഒരു മാസമാണ്. അവിടെ പരിചയപ്പെട്ട സഹതടവുകാരൻ കർഷകനായിരുന്നു.
വെളുത്തുള്ളി ഉൾപ്പെടെയുള്ള കൃഷിരീതികളെക്കുറിച്ച് അദ്ദേഹത്തിൽനിന്ന് മനസ്സിലാക്കി. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം ആ അറിവാണ് കൃഷിയിലേക്ക് കൂടുതൽ ഗൗരവത്തോടെ തിരിയാൻ പ്രചോദനമായത്. ഇന്ന് സ്വന്തമായുള്ള മൂന്നേക്കർ ഭൂമിയിൽ ഒന്നര ഏക്കറും ചെണ്ടുമല്ലി കൃഷിക്കായി മാറ്റിവെച്ച് മികച്ച വിളവ് നേടിയിരിക്കുകയാണ് ഇടുക്കി വടക്കേടത്ത് എം. ഷിബുലാൽ. ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ ജീവനക്കാരനായ ഷിബുലാൽ മൂന്ന് നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കൃഷി ചെയ്യുന്നത്. ഏകദേശം 5000 ചെടികളാണ് ഒന്നര ഏക്കറിൽ നട്ടത്. ഇതിൽ 500 എണ്ണം വെള്ള ചെണ്ടുമല്ലിയാണ്.
ക്രിസ്ത്യൻ ദേവാലയങ്ങളിൽ, പ്രത്യേകിച്ച് എട്ടുനോമ്പിനോടനുബന്ധിച്ചുള്ള പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും വെള്ള ചെണ്ടുമല്ലിക്ക് ആവശ്യക്കാരേറെയായിരുന്നു. എന്നാൽ, ആവശ്യത്തിനനുസരിച്ചുള്ള പ്രാദേശിക വിപണി ഹൈറേഞ്ചിൽ ഇല്ലെന്നതാണ് ഷിബുലാൽ നേരിടുന്ന പ്രധാന വെല്ലുവിളി. തമിഴ്നാട്ടിലെ കമ്പത്ത് കുറഞ്ഞ വിലക്ക് ചെണ്ടുമല്ലി വിൽക്കുകയും അവിടെനിന്ന് അതേ പൂക്കൾ ഇടുക്കിയിലെ വിപണികളിൽ കൂടിയ വിലക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഷിബുലാൽ പറയുന്നു.
ഏകദേശം 80,000 രൂപയാണ് ഇതുവരെ കൃഷിക്കായി ചെലവഴിച്ചത്. മുടക്കുമുതൽ തിരിച്ചുപിടിച്ചതിന് പിന്നാലെ നല്ല ലാഭവും ലഭിച്ചുതുടങ്ങിയെന്ന് ഷിബുലാൽ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ചെണ്ടുമല്ലി കൃഷി ഇന്ന് മികച്ച വിളവ് നൽകുന്ന സംരംഭമായി മാറി. കടന്നുവന്ന വരണ്ട കാലഘട്ടത്തെ നോക്കിക്കാണുമ്പോൾ ഇപ്പോൾ പച്ചപ്പിലേക്ക് എത്തിയ അനുഭവമാണ് ഷിബുലാലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.