അന്തരിച്ച ഇടുക്കി മുൻ എം.എൽ.എ ജോസ് കുറ്റ്യാനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ
ആദരാഞ്ജലി അർപ്പിക്കുന്നു
ജോസ് കുറ്റ്യാനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
തൊടുപുഴ: അന്തരിച്ച മുൻ ഇടുക്കി എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ജോസ് കുറ്റ്യാനിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.
ദീർഘകാലം കോൺഗ്രസ് നേതാവെന്ന നിലയിൽ തന്റെ കർമമണ്ഡലമായിരുന്ന ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സാധാരണക്കാരും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു, റോയി കെ. പൗലോസ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ഇബ്രാഹീംകുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിയെ അനുഗമിച്ചു. മന്ത്രി സണ്ണി ജോസഫ് തിങ്കളാഴ്ച വൈകിട്ട് എത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. ബെന്നി ബഹനാൻ എം.പി, ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ്, കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മടത്തികണ്ടത്തിൽ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, മുൻമന്ത്രി കെ.സി. ജോസഫ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, ഐ.കെ. രാജു, ഇ.എം. അഗസ്തി, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, ഷിബു തെക്കുംപുറം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജില്ല പൊലീസ് മേധാവി ഡോ. എ. നസീം, മുനിസിപ്പൽ ചെയർപേഴ്സൻ സാബിറ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ് എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
വീട്ടിലെ ചടങ്ങുകൾക്കുശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ മൃതദേഹം മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ എന്നിവർ നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.