വിഴിഞ്ഞം തുറമുഖ മാതൃകയുമായി ഉള്ളൂർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾ
അടിമാലി: ശാസ്ത്രമേളയിലെ സ്റ്റാളിൽ വിഴിഞ്ഞം തുറമുഖത്തിന്റെ മാതൃക എത്തിച്ച് തിരുവനന്തപുരം ഉള്ളൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർഥികളായ അമർനാഥ് വി.പി, അർജുൻ എസ്, ഗൗതം ശങ്കർ, എം. അരുൺ മുരളി എന്നിവർ ശ്രദ്ധേയരായി. വിവാദങ്ങളെ തുടർന്ന് വിഴിഞ്ഞം തുറമുഖം സമീപകാലത്തും ജനശ്രദ്ധ നേടിയ വേളയിലാണ് വിദ്യാർഥികൾ വിഴിഞ്ഞത്തിന്റെ മാതൃക സ്റ്റാളിലെത്തിക്കാൻ തീരുമാനിച്ചത്.
ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ മോഡൽ അവതരിപ്പിച്ചപ്പോൾ
വേഗത്തിൽ നിർമാണജോലി പുരോഗമിക്കുന്ന വിഴിഞ്ഞത്തെ നിർദിഷ്ട ഇടത്തിലെത്തി നേരിൽക്കണ്ട് മാതൃക നിർമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അമർനാഥ് പറഞ്ഞു. എങ്കിലും അറിവുകളുടെ പിൻബലത്തിലാണ് മാതൃക നിർമിച്ചിട്ടുള്ളത്. എങ്കിലും തുറമുഖത്തെ സംബന്ധിച്ച ഏകദേശ രൂപം മനസ്സിലാക്കാനാകുമെന്ന് ഇവർ പറഞ്ഞു.
അടിമാലി: അണക്കെട്ടുകളുടെ നാടായ ഇടുക്കിയിൽ അണക്കെട്ടുകളിലെ ജലവിതാനത്തിനനുസരിച്ച് അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷയൊരുക്കാനുള്ള സംവിധാനവുമായാണ് കാസർകോട് ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിലെ ടി.എസ്. ജീവൻ, സായന്ത്, പി.വി. ശ്രീരാഗ് എന്നിവർ അടിമാലിയിലെത്തിയത്.
പുഴയോരങ്ങളിൽ നിശ്ചിത അകലങ്ങളിൽ സിഗ്നൽ പോയന്റുകൾ സ്ഥാപിച്ച്, അണക്കെട്ടുകളിലെ ജലവിതാനം ഉയരുന്നതിനനുസരിച്ച് സിഗ്നൽ ലൈറ്റുകൾ തെളിയും. പരമാവധി ജലസംഭരണ ശേഷിയോടടുക്കുമ്പോൾ തനിയെ സൈറൺ മുഴങ്ങുന്ന രീതിയാണ് ഇവർ അവതരിപ്പിക്കുന്നത്.
അഗ്രികൾചറൽ വീൽ സ്പ്രെയർ
സഞ്ചരിക്കുന്ന വീൽ സ്പ്രെയറുമായി ആദിത് കൃഷ്ണ
അടിമാലി: ഏലത്തിനും നെല്ലിനും കിടനാശിനി തളിക്കാൻ പുറത്ത് കന്നാസിൽ തൂക്കിയിടുന്ന സ്പ്രെയറുമായി കഷ്ടപ്പെടുന്ന കർഷകർക്ക് ആശ്വാസമാണ് ആദിത് കൃഷ്ണയുടെ കണ്ടുപിടിത്തം. പ്രത്യേക അഗ്രികൾചറൽ വീൽചെയർ കണ്ടുപിടിച്ച് അതിൽ സ്പ്രെയർ ഘടിപ്പിച്ച് തള്ളിക്കൊണ്ട് നടന്ന് കീടനാശിനി കൃഷിയിടങ്ങളിൽ തളിക്കാം. അടിമാലിയിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ ശാസ്ത്ര മേളയിലാണ് ആദിത് കണ്ടുപിടിത്തം അവതരിപ്പിച്ചത്.
പത്ത് മുതൽ 15 മീറ്റർ വരെ ദൂരത്തിൽ വെച്ച് ഇത് പ്രവർത്തിപ്പിക്കാമെന്നത് ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്. കൊടുങ്ങലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥിയാണ് ആദിത് കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.