അടിമാലി: സ്കൂളുകളിൽ വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണ മെനുവിൽ പാലും മുട്ടയും നിർബന്ധം. എന്നാൽ, കൂടുതലായി ഉൾപ്പെടുത്തിയ വിഭവത്തിന് അധിക ഫണ്ട് നൽകുന്നില്ലെന്ന് മാത്രമല്ല നൽകി വന്നിരുന്ന ഫണ്ട് മുടങ്ങുകയും ചെയ്തു. മൂന്ന് മാസമായി ജില്ലയിലെ ഒരു സ്കൂളിലും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന്റെ വകയിൽ ഒരുരൂപ പോലും കിട്ടിയിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. പാചകത്തൊഴിലാളികൾക്കും ശമ്പളം നൽകിയിട്ടില്ല.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ തുക ഇതുവരെയും കിട്ടിയിട്ടില്ല. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാൽ നൽകുന്ന പദ്ധതി സംസ്ഥാന സർക്കാറാണ് ആവിഷ്കരിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്. കൂടാതെ ആഴ്ചയിൽ ഒരുദിവസം ഒരു മുട്ടയും നൽകണം. 150 കുട്ടികൾ ഉള്ള സ്കൂളിൽ ഒരു കുട്ടിക്ക് എട്ട് രൂപയും 500 കുട്ടികൾ വരെയുള്ള സ്കൂളിന് ഒരു കുട്ടിക്ക് ഏഴ് രൂപയും 501ന് മുകളിൽ കുട്ടികളുള്ള സ്കൂളിൽ ആറ് രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ശരാശരി ദിവസം ഒരു കുട്ടിക്ക് 20 രൂപക്ക് മുകളിൽ ചെലവ് വരുമ്പോഴാണ് ഒരു പതിറ്റാണ്ട് മുമ്പത്തെ നിരക്ക് സർക്കാർ തുടരുന്നത്. ഇതോടെ വലിയ കടക്കെണിയിലാണ് അധ്യാപകർ.
ക്ഷീര സംഘങ്ങളിൽ നേരിട്ട് പണം നൽകാൻ സംഘങ്ങളുടെ അക്കൗണ്ട് നമ്പറും മറ്റു രേഖകളും വിദ്യാഭ്യാസ വകുപ്പ് ജൂണിൽ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ സംഘങ്ങളും ഈ രേഖകൾ നൽകുകയും ചെയ്തു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. സ്കൂളുകൾക്ക് ആഴ്ചയിൽ മുന്നൂറിലധികം ലിറ്റർ വരെ പാൽ നൽകുന്ന സംഘങ്ങളുണ്ട്. ലിറ്ററിന് 48 രൂപയാണ് വില. പ്രഥമാധ്യാപകർ സ്വന്തം ശമ്പളത്തിൽനിന്ന് കുറച്ച് തുക സംഘത്തിനു നൽകുന്നുണ്ട്. ഈ തുക മാത്രമാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.