ദുരിതാശ്വാസ നിധി; ഇടുക്കി ജില്ലയിൽ അന്വേഷണം വ്യാപിപ്പിച്ചു

തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് ധനസഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി വിജിലൻസ് ആരംഭിച്ച പരിശോധന വ്യാപിപ്പിക്കുന്നു. തൊടുപുഴ, ദേവികുളം താലൂക്കുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായത്തിന് 51,000ഓളം അപേക്ഷകളാണ് ലഭിച്ചത്.

ഇതില്‍ പണം അനുവദിച്ച നൂറോളം അപേക്ഷ സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഒരേ ഡോക്ടര്‍തന്നെ നിരവധിപേര്‍ക്ക് സാക്ഷ്യപത്രം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ജനപ്രതിനിധികളുടെ ശിപാര്‍ശയടക്കമുള്ളതാണ് അപേക്ഷകൾ. ഇത് അര്‍ഹരായവര്‍ക്കാണോ ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇല്ലാത്ത രോഗത്തിന് സർട്ടിഫിക്കറ്റ് നൽകി ആരെങ്കിലും ഏജന്‍റ്മാരായി പ്രവർത്തിച്ചിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.

വിശദമായ അന്വേഷണം പൂര്‍ത്തിയായാലേ തട്ടിപ്പിന്‍റെ ആഴം കൂടുതല്‍ വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. തൊടുപുഴ താലൂക്കിൽ ലഭിച്ച നൂറ് അപേക്ഷയിൽ 30ഓളം എണ്ണത്തിൽ അപേക്ഷകന്‍റെ ഫോൺ നമ്പർ ഒന്നായിരുന്നു. ഇത് പരിശോധിച്ചുവരുകയാണ്. ഈ അപേക്ഷകളിൽ എത്രയെണ്ണം അനുവദിച്ചുവെന്നതടക്കം അപേക്ഷകരെ നേരിൽക്കണ്ട് ബോധ്യപ്പെടുമെന്നും ഇവർ അർഹരായിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു. 

Tags:    
News Summary - Relief Fund; The investigation has been extended to Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.