വനമേഖലയിലുള്ളവരെ പുനരധിവസിപ്പിക്കല്‍: പദ്ധതിയിൽ മാറ്റം വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും

ഇടുക്കി: വനമേഖലയിലും സമീപത്തും താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നവംബറില്‍ വനം മന്ത്രി നേതൃത്വം നൽകിയ സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു വെള്ളിയാഴ്ചത്തെ യോഗം.

പ്രകൃതി ദുരന്തങ്ങളുടെയും വന്യജീവി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് വനമേഖലയില്‍നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍ പറഞ്ഞു. വനമേഖലയില്‍ ഭൂമിയുള്ള പ്രദേശവാസികളല്ലാത്തവര്‍ ഈ പദ്ധതി ദുരുപയോഗപ്പെടുത്തുകയും ശരിക്കും പ്രദേശവാസികളായവര്‍ ഭൂമി വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ മതിയാകുമെന്ന ആവശ്യവും യോഗത്തിൽ ഉയര്‍ന്നു.

എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷ ലഭിച്ചാല്‍ നടപടി എടുക്കേണ്ടി വരുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, വനമേഖലയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് പകരം വനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ പറഞ്ഞു.

വനമേഖലയിലൂടെയുള്ള റോഡുകളുടെ കാര്യത്തില്‍ അനാവശ്യതടസ്സം ഉന്നയിക്കരുതെന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ-മൂന്നാര്‍ പഴയ റോഡ് വീണ്ടും തുറക്കാനുള്ള തീരുമാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചു. പ്രദേശം ജൈവസമ്പന്നമായ വനമാണെന്നും ആനകളുടെ വിഹാരകേന്ദ്രമാണെന്നും അവര്‍ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രത്യേക പദ്ധതിയായി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മൂന്നാര്‍, മറയൂര്‍, മാങ്കുളം, കോട്ടയം, കോതമംഗലം ഡി.എഫ്.ഒമാര്‍, ഡി.ഡി. പെരിയാര്‍ ഈസ്റ്റ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍, മറ്റ് ഉദ്യോസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Rehabilitation of forest natives: will be asked to change the scheme to government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.