തൊടുപുഴ: ഉടുമ്പന്നൂർ മലയിഞ്ചിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ വീട് തകർന്നു. കാക്കരാനിക്കൽ ചന്ദ്രന്റെ വീടാണ് വെള്ളിയാഴ്ച രാത്രി കാട്ടാനകൾ തകർത്തത്. വേളൂർ പുഴയ്ക്ക് മറുകരയിൽ തേക്ക് പ്ലാന്റേഷനോട് ചേർന്നുള്ള പുരയിടത്തിൽ ഇറങ്ങിയ ആനകൾ വീടിന്റെ അടുക്കള ഭാഗമാണ് തകർത്തത്.
പറമ്പിലുണ്ടായിരുന്ന വാഴ അടക്കമുള്ള കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. വീട്ടിൽ ആളില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. മുമ്പും പ്രദേശത്ത് ആന ഇറങ്ങിയിട്ടുണ്ടെങ്കിലും വീട് തകർക്കുന്നത് ആദ്യമാണ്.
ഇതോടെ പ്രദേശത്തുള്ള ആദിവാസി കുടുംബങ്ങൾ ആശങ്കയിലായി. കഴിഞ്ഞ ദിവസം ഇതിനു സമീപത്തുള്ള ആൾക്കല്ലിൽ കാട്ടാനകളിറങ്ങി വാഴകൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. കാട്ടാനശല്യം വനം വകുപ്പിനെ അറിയിക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാൻ വൈമനസ്യം കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന വേളൂർ, പുലികാവ്, വരിക്കമറ്റം, പൊങ്ങൻതോട് തുടങ്ങിയ ജനവാസ മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്.
ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ആനകളെ തുരത്താനോ മുൻകരുതൽ സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർക്കുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഞായറാഴ്ച ആൾക്കല്ല് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തും. വിവിധ രാഷ്ട്രീയ കക്ഷികളും മതസംഘടനകളും സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. രാവിലെ 11നാണ് പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.