റീ​ന ഭ​ർ​ത്താ​വ് ഷൈ​ജു​വി​നൊ​പ്പം

റീനയുടെ ഓർമകളിൽ നോവിന്‍റെ ഉരുൾപൊട്ടൽ

ചെറുതോണി: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ പഴമ്പിള്ളിച്ചാൽ ഉരുൾപൊട്ടൽ ദുരന്തത്തിന് വ്യാഴാഴ്ച 25വയസ്സ്. മരണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കരിമ്പൻ പുത്തൻപുരക്കൽ ഷൈജുവിന്‍റെ ഭാര്യ റീനക്ക് ഇന്നും നടുക്കുന്ന ഓർമയാണിത്. 1997 ജൂലൈ 21ന് നടന്ന സംഭവം ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും റീനയുടെ വാക്കുകൾ വിറച്ചു, കണ്ണിൽ ഭീതിയും സങ്കടവും ഇരമ്പി.

അന്ന് രണ്ടുദിവസമായി കനത്ത മഴയായിരുന്നു. വീട്ടിൽ റീനക്ക് പുറമേ അപ്പൻ ലൂക്കോസ്, അമ്മ മോനിക്ക, സഹോദരൻ റോയി എന്നിവർക്കൊപ്പം മഴയെ പേടിച്ച് അയലത്തുനിന്ന് അഭയംതേടി രാത്രി കഴിച്ചുകൂട്ടാനെത്തിയ അയൽക്കാരും. സന്ധ്യക്ക് ഏഴുമണി കഴിഞ്ഞു. മലമുകളിൽനിന്ന് ഭയങ്കരമായ ഇരമ്പലും കാതടപ്പിക്കുന്ന ശബ്ദവും. കല്ലും മണ്ണും കുത്തൊഴുക്കിൽ പാഞ്ഞുവരുന്നത് മാത്രം ഓർമയുണ്ട്.

കണ്ണ് തുറക്കുമ്പോൾ അടിമാലി താലൂക്ക് ആശുപത്രിയിലാണ്. അമ്മ മോനിക്കയും സഹോദരൻ റോയിയും അയലത്തുനിന്ന് വന്ന ആറുവയസ്സുകാരൻ ഉല്ലാസും ഉരുൾപൊട്ടലിൽ മരിച്ചു. മറ്റ് രണ്ട് കുടുംബങ്ങളിൽനിന്ന് ആറുപേരും മരിച്ചു. ഒരാളെ കാണാതായി. അപ്പൻ ലൂക്കോസും റീനയും രക്ഷപ്പെട്ടു. നാട്ടുകാർ മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ റീനക്ക് പരിക്കുകളിൽനിന്ന് മോചിതയാകാൻ മാസങ്ങൾ നീണ്ട ചികിത്സ വേണ്ടിവന്നു.

അവസാനമായി അമ്മയെയും സഹോദരനെയും കാണാൻ റീനയെ ആശുപത്രിയിൽനിന്നാണ് കൊണ്ടുപോയത്. കുട്ടമ്പുഴ പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്യൂണിറ്റി ഹാളിന്‍റെ നടുത്തളത്തിൽ ഒമ്പത് മൃതദേഹങ്ങൾ നിരത്തിക്കിടത്തി. ചുറ്റും അലമുറയിടുന്ന സ്ത്രീകളും കുട്ടികളും. തോരാത്ത മഴ അവഗണിച്ച് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളെത്തി.

ഉരുൾപൊട്ടലിൽ അമ്പതോളം വീടുകൾ പൂർണമായും എഴുപതോളം ഭാഗികമായും തകർന്നു. രണ്ടുകോടിയുടെ നാശനഷ്ടമുണ്ടായി. ഭാര്യയും മകനും നഷ്ടപ്പെട്ട ലൂക്കോസ് വീണ്ടും വിവാഹം കഴിച്ചു. സർക്കാർ നഷ്ടപരിഹാരമായി വാളറ പത്താംമൈലിൽ നാല് സെന്‍റ് സ്ഥലവും വിടും നൽകി. അവിടെയാണ് അദ്ദേഹം കുടുംബസമേതം താമസം.

Tags:    
News Summary - pazhampillichal disaster; quarter of a century today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.