കുമളി: നാടുനീളെ നിറഞ്ഞ ലഹരിയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നടപടികൾ ഫലം കാണുമോയെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹൈറേഞ്ച്. വിദ്യാലയങ്ങൾ മുതൽ കൃഷിയിടങ്ങൾ വരെ, വീടുകൾ മുതൽ വിവിധ സ്ഥാപനങ്ങൾ വരെ ലഹരിയുടെ കൈവഴികൾ എത്താത്ത സ്ഥലങ്ങളില്ലാതായി. പ്രായഭേദമില്ലാതെ ആളുകൾ ലഹരിക്കടിപ്പെട്ടതോടെ കുമളി ഉൾപ്പെടെ ഹൈറേഞ്ചിലെ പല മേഖലകളിലും അടിപിടിയും അക്രമസംഭവങ്ങളും പതിവായി.

വിനോദ സഞ്ചാരികളെ മാത്രം മുന്നിൽ കണ്ട് മുമ്പ് നടന്നിരുന്ന എം.ഡി.എം.എ വ്യാപാരം കുമളി, വണ്ടിപ്പെരിയാർ ഉൾപ്പെടെ മിക്ക സ്ഥലത്തും സ്കൂൾ, കോളജ് വിദ്യാർഥികളുടെ കൈകളിലേക്ക് എത്തി. ഇരുചക്രവാഹനങ്ങളിൽ പ്രത്യേക ശബ്ദ ക്രമീകരണങ്ങൾ വരുത്തി രാത്രിയിൽ ലഹരിമരുന്ന് വിതരണത്തിനിറങ്ങുന്ന സംഘങ്ങൾ ഹൈറേഞ്ചിൽ നിരവധിയുണ്ട്. ഇവരുടെ ബൈക്കുകളുടെ ശബ്ദമാണ് ആവശ്യക്കാർക്ക് വിതരണക്കാരെ തിരിച്ചറിയാനുള്ള സിഗ്നൽ.

കുമളി ഒട്ടകത്തലമേട് എന്ന വിനോദസഞ്ചാര മേഖലയിൽ രണ്ടിടത്താണ് കഞ്ചാവ്, എം.ഡി.എം.എ വിൽപന പൊടിപൊടിക്കുന്നത്. വീടിനു സമീപവും കൃഷിയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ടതെന്ന് തോന്നിക്കുന്ന പൈപ്പുകൾക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളാണ് ഉപഭോക്താക്കളിൽ അധികവും. അമരാവതിയിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ രാത്രിയാകുന്നതോടെ കഞ്ചാവ്, മദ്യസംഘങ്ങളുടെ താവളമാകുന്നതും പതിവാണ്.

റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ആനവച്ചാൽ, എ.കെ.ജി പടി ഭാഗം എന്നിങ്ങനെ കഞ്ചാവ് സംഘങ്ങൾ പതിവായി തമ്പടിക്കുന്ന സ്ഥലങ്ങൾ നിരവധിയാണ്. ബംഗളൂരുവിൽനിന്നും തമിഴ്നാട് വഴിയുമാണ് എം.ഡി.എം.എ കുമളിയിൽ എത്തുന്നത്. കുമളിയിലെ വമ്പന്മാർ ലഹരി കച്ചവടത്തിന് പിന്നിലുള്ളതിനാൽ വർഷങ്ങളായി നടപടികളൊന്നുമില്ല. ഒരു ഗ്രാം എം.ഡി.എം.എ 2000 രൂപക്കാണ് വിൽപന. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുദിനങ്ങളിൽ മറ്റ് പല ജോലികൾക്കും പോയാണ് യുവാക്കൾ ലഹരി വാങ്ങാൻ പണം കണ്ടെത്തുന്നത്.

തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതിയാക്കി 500 രൂപ നിരക്കിലാണ് വിൽപന. ഇത് വിദ്യാർഥികളിലേക്ക് വിതരണം ചെയ്യാൻ ഒരു പൊതി മൂന്നെണ്ണമാക്കി ഒരെണ്ണം 300 രൂപ നിരക്കിലാണ് കച്ചവടം.

ഡോഗ് സ്ക്വാഡില്ല; അതിർത്തിയിലെ ഉദ്യോഗസ്ഥരും സംശയമുനയിൽ

തമിഴ്നാട് വഴി അതിർത്തി കടന്നെത്തുന്ന ലഹരി പിടികൂടാൻ ഫലപ്രദമായ മാർഗങ്ങളില്ലാത്തത് ലഹരി മാഫിയക്ക് വലിയ നേട്ടമാകുന്നു. പുതുവർഷത്തലേന്ന് മാത്രം പ്രത്യക്ഷപ്പെടുന്ന ഡോഗ് സ്ക്വാഡ് പിന്നീട് എത്താത്തത് ലഹരി മാഫിയയുടെ സമ്മർദഫലമാണെന്ന് നാട്ടുകാർ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കുമളി വഴി കേരളത്തിലേക്ക് വലിയ തോതിൽ ലഹരി കടത്തുമ്പോഴും പരിശോധനക്ക് ആകെയുള്ളത് എക്സൈസ് സംഘം മാത്രം.

മോട്ടോർ വാഹന വകുപ്പിന്റെ പണി ഏറ്റെടുത്ത് അതിർത്തി കടന്നു വരുന്ന ചരക്കു വാഹനങ്ങളുടെ രേഖകളും ഡ്രൈവറുടെ ലൈസൻസ് പരിശോധനയുമാണ് ഇപ്പോൾ എക്സൈസിന്റെ മുഖ്യ ജോലി. മിക്ക വാഹനങ്ങളിൽനിന്നും എന്തെങ്കിലും ‘തടയു’മെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

തമിഴ്നാട്ടിൽനിന്ന് എത്തുന്ന വിനോദ സഞ്ചാരികളിൽനിന്ന് വില കൂടിയ മദ്യം പിടിച്ചെടുക്കുക, ഇതിന്റെ പേരിൽ പണം വാങ്ങുക, ദീർഘദൂര ബസുകൾ പരിശോധനയില്ലാതെ കടത്തിവിടുക എന്നിങ്ങനെ എക്സൈസ് അധികൃതർക്കെതിരെ നിരവധി ആക്ഷേപങ്ങളാണ് നാട്ടുകാർക്കുള്ളത്. ചില എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ ഏതാനും വർഷത്തെ സ്വത്ത് സമ്പാദിക്കൽ സംബന്ധിച്ച് അന്വേഷണം നടത്തിയാൽ തന്നെ ലഹരി മാഫിയ -ഉദ്യോഗസ്ഥ ബന്ധം വ്യക്തമാകുമെന്ന് നാട്ടുകാർ പറയുന്നു.

അതിർത്തിയിൽ രാസലഹരി കണ്ടെത്താൻ ഡോഗ് സ്ക്വാഡ് സേവനവും ഹൈറേഞ്ചിലെ ലഹരി കേന്ദ്രങ്ങളിൽ ഇടവിട്ട് പരിശോധനകളും രാത്രി പൊലീസ് നിരീക്ഷണവും ശക്തമാക്കിയാൽ വളർന്നു പടർന്ന ലഹരി മാഫിയയുടെ വേരറുക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - operation thufan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.