ഭൂരഹിതർക്കായി കുമ്പങ്കാനം ഭാഗത്ത് സർക്കാർ കണ്ടെത്തിയ ഭൂമി
മൂലമറ്റം: സൗജന്യമായി ഭൂമി ലഭിച്ചിട്ടും വീട് വെച്ച് താമസിക്കാൻ കഴിയാതെ നൂറ് കണക്കിന് ഭവനരഹിതർ. ഭൂരഹിതരായ ജനവിഭാഗങ്ങൾക്ക് സീറോ ലാന്റ്ലസ് പദ്ധതിപ്രകാരം ലഭിച്ച ഏക്കറു കണക്കിന് ഭൂമിയാണ് വാസയോഗ്യം അല്ലാത്തതിനാൽ വീട് നിർമിക്കാനോ താമസിക്കാനോ കഴിയാതെ കിടക്കുന്നത്. പ്രദേശത്ത് വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു.
തൊടുപുഴ താലൂക്കിലെ കുടയത്തൂർ കുമാരമംഗലം, മണക്കാട് തുടങ്ങിയ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ളവർക്കാണ് 2014 -2015 കാലഘട്ടത്തിൽ സർക്കാർ മൂന്ന് സെന്റ് വീതം ഭൂമി പതിച്ചു നൽകിയത്. കുടയത്തൂർ വില്ലേജിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഇലവീഴാപൂഞ്ചിറ, ഇലപ്പള്ളി വില്ലേജിലെ കുമ്പങ്കാനം പ്രദേശങ്ങളിലുമാണ് ഭൂമി കണ്ടെത്തിയത്. ഇത് തികച്ചും വാസയോഗ്യമല്ലാത്ത സ്ഥലത്താണെന്ന പരാതി അന്നേ ഉയർന്നിരുന്നു.
2018ലെ കണക്കുകൾ പ്രകാരം തൊടുപുഴ താലൂക്കിന് കീഴിൽ 2,237 പേരാണ് ഭൂരഹിത പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ഇതിൽ 960 ഓളം പേർക്ക് കഴിഞ്ഞ സർക്കാർ പട്ടയം നൽകിയിരുന്നു. ഇതിൽ ഇലപ്പള്ളിയിൽ മാത്രം 1,679 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കിയത്. പകുതിയലധികം പേർക്കും പട്ടയം നൽകിക്കഴിഞ്ഞു. എന്നാൽ പട്ടയം ലഭിച്ചവർ ആരും തന്നെ താമസിക്കാനായി ഇവിടങ്ങളിൽ എത്തിയിട്ടില്ല.
യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനു പുറമെ ഇവിടങ്ങളിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും ജനങ്ങളെ അകറ്റി. 1,679 പേർ ഇലപ്പള്ളി പോലുള്ള ഉയർന്ന പ്രദേശത്ത് താമസിക്കാൻ എത്തുമ്പോൾ വേണ്ടുന്ന യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുമില്ല.
ഭൂരഹിതരായി കുടയത്തൂർ വില്ലേജിൽ മാത്രം 85 ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. മുഖ്യമന്ത്രി പങ്കെടുത്ത പട്ടയ വിതരണ മേളയിൽ ഇലവീഴാപൂഞ്ചിറയിൽ അനുവദിച്ച മൂന്ന് സെന്റ് വീതമുള്ള സ്ഥലത്തിന്റെ പട്ടയം വിതരണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പൂഞ്ചിറയിലെ സ്ഥലത്തിന്റെ പട്ടയം കൈപറ്റാവാൻ ഗുണഭോക്താക്കൾ. തൊടുപുഴ താലൂക്കിലെ ഭൂരഹിതരായവരുടേതായി നൂറുകണക്കിന് അപേക്ഷകളാണ് റവന്യു വകുപ്പിന്റെ മുന്നിലെത്തിയത്. ഇതിൽ 44 പേർക്കാണ് ഇലവീഴാപൂഞ്ചിറയിൽ സ്ഥലം അനുവദിച്ചത്.
എന്നാൽ സർക്കാർ സൗജന്യമായി നൽകുന്ന സ്ഥലമാണെങ്കിലും അവ നേരിൽ കാണുന്നവർ ഈ സ്ഥലം സർക്കാരിൽ നിന്നും കൈപറ്റുവാൻ മടിക്കുകയാണ്. ഗതാഗത സൗകര്യമില്ലാത്തതും ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്നതുമായ ഈ പ്രദേശം വേണ്ട എന്ന നിലപാടിലാണ് പല ഭൂരഹിതരും. പട്ടയം കൈപ്പറ്റിയ പലരും തിരിച്ചേൽപ്പിക്കുകയും പരാതി പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുന്നെ ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും ഉൾപ്പടെ റവന്യൂ വകുപ്പ് അധികൃതർ ഇലവീഴാപൂഞ്ചിറ സന്ദർശിച്ചിരുന്നു. എന്നാൽ തീരുമാനം മാത്രം എങ്ങുമെത്തിയില്ല.
ഇലവീഴാപൂഞ്ചിറയിലെ സ്ഥലത്ത് എത്തണമെങ്കിൽ ഗതാഗത യോഗ്യമായ റോഡ് പോലും ഇല്ല. സമുദ്രനിരപ്പിൽ നിന്നും 3,200 അടി ഉയരമുള്ള പ്രദേശമാണിവിടം. കൂടാതെ ഇടിമിന്നലപകടം ഏറ്റവും അധികം ഉണ്ടാകുന്ന പ്രദേശമാണ്. ഇടിമിന്നലേറ്റ് നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇലവീഴാപൂഞ്ചിറയിൽ മാത്രം 157 കുടുംബങ്ങളെ താമസിപ്പിക്കാനാണ് സർക്കാർ പദ്ധതി.
കുമ്പങ്കാനം പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. പ്രദേശങ്ങളിൽ വീടുവച്ച് താമസം തുടങ്ങിയാൽ ജീവിത ചിലവ് കണ്ടെത്തുന്നതിനു മറ്റു മാർഗ്ഗങ്ങളില്ലാതെ വരും. വർഷങ്ങൾക്ക് മുന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽപെടുത്തി ഇവിടെ നിരവധിയാളുകൾക്ക് സ്ഥലം അനുവദിച്ചിരുന്നെങ്കിലും വീടുവയ്ക്കുന്നതിന് ആരും തയ്യാറായിട്ടില്ല. പ്രദേശത്ത് എത്തിപ്പെടാൻ ജീപ്പുകളും ഓട്ടോറിക്ഷകളുമാണ് ആശ്രയം. ഇവിടേയ്ക്കുള്ള വാഹനഗതാഗതം ദുഷ്കരമാണ്. കാഞ്ഞാറിൽ നിന്നും വല്ലപ്പോഴുമുള്ള ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചാണ് നിലവിൽ പൂഞ്ചിറ നിവാസികൾ സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.