കുമളി ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്ക് ഇറേങ്ങണ്ട വഴിയിൽ കയറി വരുന്ന കെ.എസ്.ആർ.ടി.സി ബസ്. കടന്നു പോകാനാകാതെ
നിൽക്കുന്ന ബസും മറ്റു വാഹനങ്ങളും
കുമളി: ടൗണിലെ തിരക്കേറിയ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറി ഇറങ്ങുന്നത് തോന്നുംപടി. ബസുകൾ ദേശീയപാതയിൽനിന്ന് സ്റ്റാൻഡിൽ പ്രവേശിച്ച് ഇവിടെനിന്ന് തേക്കടി ബൈപാസ് റോഡ് വഴി ഇറങ്ങിപ്പോകുന്നതാണ് രീതി. ഭൂരിഭാഗം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഇറങ്ങിപ്പോകാനുള്ള ബൈപാസ് റോഡ് വഴി സ്റ്റാൻഡിലേക്ക് കയറുന്നത് പതിവാണ്. ബസുകൾ ഇതുവഴി കയറിവരുന്നതുമൂലം ഇറങ്ങിപ്പോകുന്ന ബസുകൾക്കും മറ്റു വാഹനങ്ങൾക്കും പ്രതിസന്ധിയാകാറുണ്ട്.
ബസുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്ന വഴികളിൽ വൺവേ ബോർഡുകൾ പഞ്ചായത്ത് അധികൃതർ സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. തിരക്കേറിയ വഴിയാണ് തേക്കടി ബൈപാസ് റോഡ്. ഇവിടെ പലപ്പോഴും വാഹനക്കുരുക്ക് സൃഷ്ടിക്കുംവിധം ബസുകൾ കയറിവരുന്നത് തടയാൻ ട്രാഫിക് ഡ്യൂട്ടിയിലുള്ളവർക്കും കഴിയാറില്ല.
ടൗണിൽ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കാൻ പൊലീസ് - പഞ്ചായത്ത് അധികൃതർ ശബരിമല തീർഥാടന കാലത്ത് മാത്രമാണ് യോഗംചേരുന്നത്. സെൻട്രൽ ജങ്ഷനിൽ അമ്പലത്തിനുമുന്നിൽ ഏറെനേരം സ്വകാര്യ ബസുകൾ നിർത്തിയിടുന്നത് ദേശീയപാതയിൽ വരെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. 100 മീറ്റർ മാത്രം അകലെ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റിയശേഷമാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മൂന്നാർ റോഡിൽ സ്വകാര്യ ബസുകൾ ഏറെനേരം യാത്രക്കാരെ തേടി നിർത്തിയിടുന്നത്.
സ്റ്റാൻഡ് ഇല്ലാതിരുന്ന കാലത്തെ പതിവ് തുടരുന്നത് അധികൃതർ കണ്ടില്ലെന്നുനടിക്കുന്നതാണ് ടൗണിൽ ഗതാഗത തടസ്സത്തിനിടയാക്കുന്നത്.കുമളി ഒന്നാംമൈലിലും തിരക്കേറിയ ജങ്ഷനു നടുവിലാണ് സ്വകാര്യ ബസുകൾ ഏറെനേരം നിർത്തിയിടുന്നത്. പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഇല്ലാത്തതും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
ചെറുതോണി: മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ അനധികൃത പാര്‍ക്കിങ്മൂലം ബസ് കയറ്റിയിടാൻ സാധിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു.പഞ്ചായത്ത് ജീവനക്കാരുടെയടക്കം വാഹനങ്ങളാണ് ബസ് സ്റ്റാന്‍ഡിൽ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി ടൗൺ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മുരിക്കാശ്ശേരി ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിങ്
ടൗണിൽ വാഹനം പാര്‍ക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ കൂടുതൽ ആളുകളും ബസ് സ്റ്റാന്‍ഡിനുള്ളിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിെൻറ താഴത്തെ നില പാര്‍ക്കിങ്ങിന് ഒഴിച്ചിട്ടിരിക്കുമ്പോഴാണ് അനധികൃതമായി സ്വകാര്യ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നത്.
ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയിലേക്ക് അടക്കം കടന്നുപോകാൻ സാധിക്കാത്ത നിലയിലാണ് പാര്‍ക്കിങ്. അടിയന്തരമായി അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനും വെള്ളക്കെട്ട് മാറ്റാനും നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.