കല്ലാർകുട്ടി: കല്ലാർകുട്ടി അണക്കെട്ടിലെ ട്രാഷ് റാക്ക് മാറ്റിസ്ഥാപിക്കലുമായി ബന്ധപ്പെട്ട് സ്ലൂയിസ് വാൽവ് വഴി വെള്ളം തുറന്നുവിട്ടതോടെ മുതിരപ്പുഴയാറ്റിൽ വൻ മണൽ ശേഖരം. അണക്കെട്ട് മുതൽ പനംകുട്ടിവരെ ഭാഗത്താണ് വൻതോതിൽ മണൽ അടിഞ്ഞിട്ടുള്ളത്. മണൽ ലേലം ചെയ്ത് വിൽപന നടത്താൻ സർക്കാർ നടപടി സ്വീകരിച്ചാൽ ലക്ഷങ്ങൾ ഖജനാവിലേക്ക് മുതൽ കൂട്ടാനാകും. എന്നാൽ, ഇതിന് നടപടിയില്ല. കല്ലാർകുട്ടി അണക്കെട്ടിൽ അടിഞ്ഞ മണലിന്റെ ചെറിയൊരംശം മാത്രമാണ് ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് സ്ലൂയിസ് വാൽവ് വഴി പുറത്തേക്ക് ഒഴുകിയെത്തിയത്.
ഇത്തരം സാഹചര്യത്തിൽ അണക്കെട്ടിനുള്ളിലെ മണൽ വാരിയെടുത്ത് വിൽപന നടത്തുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അണക്കെട്ടിലെ മണലും ചളിയും നീക്കം ചെയ്താൽ സംഭരണ ശേഷി കൂട്ടുന്നതിനും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിനും ഇത് സഹായകമാകും.
10 വർഷം മുമ്പ് അണക്കെട്ടിൽ അടിഞ്ഞ മണൽ റവന്യൂ- ജിയോളജി വകുപ്പുകളുടെ സഹകരണത്തോടെ പഞ്ചായത്ത് അധികൃതർക്ക് വാരി വിൽപന നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു.
ഇതേതുടർന്ന് കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകൾ മണൽ വാരി വിൽപന നടത്തുന്നതിന് നടപടി സ്വീകരിച്ചെങ്കിലും അധികനാൾ നീണ്ടില്ല. പിന്നീട് വ്യവസായിക അടിസ്ഥാനത്തിൽ കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകളിൽനിന്ന് മണൽ വാരി വിൽപന നടത്തുന്നതിന് ട്രാവൻകൂർ സിമന്റ്സിന് സർക്കാർ കരാർ നൽകിയെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്.
ഇതോടെ വീണ്ടും മണൽ വാരി വിൽപന നടത്തുന്നതിനുള്ള അവകാശം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല.
മണലും ചളിയും നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അണക്കെട്ടിലെ സംഭരണ ശേഷി വലിയ അളവിൽ കുറഞ്ഞിരിക്കുകയാണ്.
മണൽ വാരി വിൽപന നടത്തുന്നതിന് അനുമതി നൽകിയാൽ ലൈഫ് ഭവന പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് ഏറെ ഗുണകരമാകും. തൊഴിൽ അവസരവും ലഭ്യമാകും. പാറമണൽ ഒഴിവാക്കി കോൺക്രീറ്റ് ജോലികൾക്കും മറ്റും പുഴമണൽ ഉപയോഗിക്കാനും കഴിയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.