ഭീ'തീ'....

p2 lead pakage തൊടുപുഴ: വേനൽ കനത്തതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ തീ പടർന്നുള്ള നാശനഷ്ടങ്ങൾ പതിവാകുന്നു. നൂറുകണക്കിന്​ പുൽമേടുകളും ഹെക്ടർ കണക്കിന്​ വനമേഖലയുമാണ്​​ ഒരുമാസത്തിനിടെ കത്തിനശിച്ചത്​​. വനംവകുപ്പിന്‍റെ കണക്കുകൾ പ്രകാരം അടിമാലി-ദേവികു​ളം പ്രദേശങ്ങളിൽ എട്ടേക്കറോളം വനം ഭൂമി ഒരാഴ്​ചക്കിടെ കത്തി നശിച്ചിട്ടുണ്ട്​. ലോറേഞ്ചിൽ ജനവാസ മേഖലകളിലും തീപിടിത്തം വ്യാപകമായിട്ടുണ്ട്​​. ദിവസങ്ങളായി കാട്ടുതീ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ് വനംവകുപ്പും അഗ്നിരക്ഷസേനയുമെങ്കിലും ഇവരെക്കൊണ്ട്​ പലപ്പോഴും പൂർണ തോതിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്​. വേനൽ കടുക്കുന്നതോടെ എല്ലാ വർഷവും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പതിവാണ്. എല്ലാവർഷവും കാട്ടുതീ പ്രതിരോധിക്കാൻ ഫയർ വാച്ചർമാരെ നിയോഗിക്കുകയും ഫയർലൈൻ തെളിക്കുകയും ചെയ്യാറുണ്ട്​. പക്ഷേ, കാട്ടുതീ നിയന്ത്രണം ഇതുകൊണ്ട്​ മാത്രം സാധ്യമാകാത്ത സ്ഥിതിയാണ്​. വനസംരക്ഷണ സമിതിയാണ് ഫയർലൈൻ തെളിക്കുന്നതും തീ കെടുത്തുന്നതും ഉൾപ്പെടെയുള്ള ചുമതലകൾ വഹിക്കുന്നത്​. പലപ്പോഴും കാട്ടുതീ വനാതിർത്തി കടന്ന്​ ജനവാസ മേഖലകളിലെത്തുന്നതോടെ ഭീതി വിതക്കാറുണ്ട്​​. കാർഷിക മേഖലയിലും ജനവാസ മേഖലയിലും ആശങ്ക വനമേഖലയോടും മറ്റും ചേർന്ന്​ കൃഷിയിറക്കിയിരിക്കുന്ന കർഷകർക്ക്​ കാട്ടുതീ വലിയ ആശങ്കയാണ്​ ഉണ്ടാക്കുന്നത്​. പട്ടയ മേഖലയല്ലാത്തതിനാൽ ഇവർക്ക്​ നഷ്ടപരിഹാരം ലഭിക്കാറുമില്ല. മാത്രമല്ല ഇത്തരം തീപിടിത്തങ്ങൾ ഉണ്ടായാൽ അടിയന്തരമായി എത്തി തീ അണക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുപോലും ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. മലയോരങ്ങളിലും മറ്റും തീ പടരുമ്പോൾ കിലോമീറ്ററുകൾ താണ്ടി ഫയർ എൻജിൻ ഇവിടെ എത്തുമ്പോഴേക്കും തീപിടിത്തമുണ്ടായ ഭാഗം പൂർണമായി കത്തിനശിച്ച് കഴിഞ്ഞിരിക്കും. വ്യാഴാഴ്ച നെടുങ്കണ്ടം ബേഡ്​ മെട്ടിലും മുട്ടത്തിന്​ സമീപം കൊല്ലം കുന്നിലും ഉണ്ടായ കാട്ടുതീ ഏറെ പ്രയാസപ്പെട്ടാണ്​ നിയന്ത്രണ വിധേയമാക്കിയത്​. കൊല്ലംകുന്ന്​ മലയിൽ ഏക്കർ കണക്കിന്​ മരങ്ങളാണ്​ കത്തിനശിച്ചത്​. കുടാതെ ജനവാസ മേഖലകളായ പി.സി.ടി കോളനി, പച്ചിലാകുന്ന്​ ഭാഗത്തേക്കും കാട്ടുതീ എത്തി. വൈകുന്നേരത്തോടെയുണ്ടായ തീ രാത്രി വൈകിയാണ്​ അണച്ചത്​. ജൈവസമ്പത്തിനും വന്യമൃഗങ്ങൾക്കും ഭീഷണി പീരുമേട്, അടിമാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, നേര്യമംഗലം, രാജാക്കാട്, വണ്ടിപ്പെരിയാർ, മൂലമറ്റം, മുട്ടം മേഖലകളിൽ എല്ലാവർഷവും കാട്ടുതീ പതിവാണ്. അപൂർവ ജൈവസമ്പത്തിനും വന്യമൃഗങ്ങൾക്കും കാട്ടുതീ സൃഷ്​ടിക്കുന്ന ഭീഷണി കനത്തതാണ്. കത്തിനശിച്ച പ്രദേശത്തെ മണ്ണിന്‍റെ സ്വാഭാവിക ജൈവാവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്താറുണ്ടെങ്കിലും പലപ്പോഴും ഫലവത്താകാറില്ല. കൃത്യമായ ഫയർലൈൻ തെളിക്കലും ഉദ്യോഗസ്ഥ നിരീക്ഷണവും വ്യാപിപ്പിച്ചാൽ ഒരു പരിധിവരെ കാട്ടുതീ തടയാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വനമേഖലകളിൽ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയും താളം തെറ്റിയിട്ടുണ്ട്. കരടി, പുലി, കാട്ടാന തുടങ്ങിയ വന്യജീവികൾ അടുത്തിടെ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനും കാരണമായതായി പരിസ്ഥിതി സ്​നേഹികളും ചൂണ്ടിക്കാട്ടുന്നു. കാട്ടുതീ: പിന്നിൽ സാമൂഹികവിരുദ്ധരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനസമ്പത്ത് വിഴുങ്ങി വ്യാപകമാകുന്ന കാട്ടുതീക്ക് പിന്നിൽ സാമൂഹിക വിരുദ്ധരടക്കമുള്ള ഗൂഢസംഘങ്ങളും ഉണ്ടെന്നാണ്​ വനംവകുപ്പിന്‍റെ വിലയിത്തൽ. ഹൈറേഞ്ച് മേഖലകളിലുണ്ടാകുന്ന 80 ശതമാനം കാട്ടുതീയും വേനലിന്‍റെ മറവിൽ സാമൂഹികവിരുദ്ധർ ബോധപൂർവം സൃഷ്​ടിക്കുന്നതാണെന്നാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. പുൽമേടുകളിൽ തീയിട്ടാൽ അടുത്തവർഷം കൂടുതൽ പുല്ലുണ്ടാകുമെന്നറിയാവുന്നവരും പാറമട ലോബിയുമൊക്കെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായാണ്​ വിവരം. ഇതുകൂടാതെ ചെറിയ കാട്ടുജീവികളെ പിടികൂടുന്നവരും തീയിടലിന്​ പിന്നിലുണ്ട്. മുയൽ, മുള്ളൻപന്നി തുടങ്ങിയ ചെറിയ മൃഗങ്ങളെ പിടികൂടാനുള്ള സൗകര്യത്തിനാണ് ഇത്. തീപിടിത്തങ്ങൾക്കെതിരെ ജാഗ്രത വേണം തീപിടിത്തങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യനിർമിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങൾ. അശ്രദ്ധയും അവിവേകവുമാണ് ഈ അപകടങ്ങളിലേക്ക് നയിക്കുന്നത്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. കാട്ടുതീ പടര്‍ന്നാല്‍ വിവരം അറിയിക്കാന്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടണ പ്രദേശങ്ങളിലാണ്‌ ചെറു തീപിടിത്തങ്ങള്‍ കൂടുന്നത്. കൂട്ടിയിട്ട ചപ്പുചവറും മാലിന്യവും കത്തുന്നതാണ്‌ പലപ്പോഴും അപകടത്തിനിടയാക്കുന്നത്‌. തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. * ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്ന്​ ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക്​ ചുവട്ടിൽ തീ കത്തിക്കരുത്. * അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക * ഇലക്ട്രിക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം * തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കർ നിർമിക്കുക. * പുകവലിച്ചശേഷം കുറ്റി വലിച്ചെറിയാതിരിക്കുക. (അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽനിന്ന്​ തീ പടർന്നാണ് പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നത്) * സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കുക * പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക * അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക. TDL THEEPIDUTHAM ​തൊടുപുഴക്ക്​ സമീപം മുട്ടം കൊല്ലം കുന്ന്​ മലയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്ന അഗ്​നിരക്ഷ സേനാംഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.