കുടയത്തൂർ പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗം
കാഞ്ഞാർ: മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിലെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി.ഐ.പി) ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കാനുള്ള വിജ്ഞാപനത്തിനെതിരെ സർവകക്ഷി യോഗം പ്രമേയം പാസാക്കി. കുടയത്തൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗമാണ് പ്രമേയം പാസാക്കിയത്.
പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത സ്ഥലം മറ്റൊരു വകുപ്പിന് വിട്ടുകൊടുക്കാൻ എം.വി.ഐ.പിക്ക് അവകാശമില്ലെന്ന് വിലയിരുത്തിയ യോഗം അവർക്കു സ്ഥലം ആവശ്യമില്ലെങ്കിൽ മുൻ ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. പഞ്ചായത്തുകളുടെ നിലനിൽപിനെ തന്നെ ഗുരുതരമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ വേണ്ടി വന്നാൽ കോടതിയെ സമീപിക്കണം എന്ന നിർദേശവും ഉയർന്നു.
മന്ത്രിയും എം.പിയും അടക്കമുള്ളവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടോമി കാവാലം, സ്ഥിരംസമിതി ചെയർമാന്മാരായ അഡ്വ. കെ.എൻ. ഷിയാസ്, പുഷ്പ വിജയൻ, മെംബർമാരായ എൻ.ജെ ജോസഫ്, സുജ ചന്ദ്രശേഖരൻ, ലത ജോസ്, ബിന്ദു സിബി, ഷീബ ചന്ദ്രശേഖരപിള്ള, നെസിയ ഫൈസൽ, വിവിധ കക്ഷി നേതാക്കളായ സി.വി. സുനിൽ, വി.സി. ബൈജു, വി.എൻ. കരുണൻ പിള്ള, ഫ്രാൻസിസ് കരിമ്പാനി, പി.എം തോമസ്, യൂസുഫ് കളപ്പുര, സോമൻ. എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
കാഞ്ഞാർ: എം.വി.ഐ.പി ഭൂമി വനമായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനത്തിനെതിരെ മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ പ്രതിഷേധം ശക്തമായിരിക്കെ ജലവിഭവ മന്ത്രി സർവകക്ഷി യോഗം വിളിക്കണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ എം.മോനിച്ചൻ, കൺവീനർ എൻ.കെ.ബിജു എന്നിവർ ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ് എം.പി, പി.ജെ ജോസഫ് എം.എൽ.എ, കലക്ടർ, ജില്ല, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഇറിഗേഷൻ, വനം, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവരെയും യോഗത്തിൽ പങ്കെടുപ്പിക്കണം.
പദ്ധതി പ്രദേശത്ത് ടൂറിസം, കുടിവെള്ള പദ്ധതികൾ, റോഡുകൾ, പുതിയ നിർമാണങ്ങൾ ഒന്നും തന്നെ വനം പ്രഖ്യാപനശേഷം നടത്തുന്നതിന് കഴിയാതെ വരുമെന്നത് ജില്ലയിലെ നിർമാണ നിരോധനം തന്നെ തെളിവാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.