മൂന്നാർ-സൈലന്റ്വാലി റോഡിൽ ഗ്രഹാംസ് ലാൻഡ് ഭാഗത്ത് ചളിയിൽ താഴ്ന്ന ചരക്കുലോറി
മൂന്നാർ: സൈലന്റ്വാലി, ഗൂഡാർവിള പ്രദേശത്ത് താമസിക്കുന്നവർ മൂന്നാറിലേക്ക് വരണമെങ്കിൽ ഒരു ജോടി വസ്ത്രം അധികം പൊതിഞ്ഞ് ൈകയിൽ കരുതണം. ചളിക്കുണ്ടായ ഈ റോഡുവഴി ജീപ്പുകളിൽ യാത്ര ചെയ്താൽപോലും ചളി തെറിക്കും. അഞ്ചുവർഷമായി ഈ റോഡിന്റെ സ്ഥിതി ഇതാണ്. അറ്റകുറ്റപ്പണിക്ക് ആറുകോടി രൂപ അനുവദിച്ചെങ്കിലും കുറച്ചുഭാഗം റോഡിന്റെ വശങ്ങളിലെ കാട് തെളിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല.
മൂന്നാറിൽനിന്ന് 20 കിലോമീറ്റർ ദൂരെയുള്ള സൈലന്റ്വാലിയിലേക്കുള്ള ഈ റോഡുവഴിയാണ് കുറ്റ്യാർവാലി, ഗൂഡാർവിള പ്രദേശവാസികളും സഞ്ചരിക്കുന്നത്. 2018ലെ പ്രളയത്തിലാണ് റോഡ് തകർന്നതും യാത്ര അസാധ്യമായതും. പിന്നീട് ചെറിയ തോതിൽ അറ്റകുറ്റപ്പണി നടത്തി യാത്രായോഗ്യമാക്കിയെങ്കിലും മഴക്കാലമായതോടെ വീണ്ടും പഴയപടിയായി. ഗ്രഹാംസ് ലാൻഡ് ഭാഗത്ത് 2018ലുണ്ടായ ഉരുൾപൊട്ടലിൽ റോഡ് ഒലിച്ചുപോയിരുന്നു. ഇവിടെ റോഡ് മാറ്റിവെട്ടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ, ഈ ഭാഗം ചളിക്കുണ്ടായി യാത്ര അസാധ്യമായിട്ടുണ്ട്.
ഗൂഡാർവിളയിൽനിന്ന് മൂന്നാർ ഭാഗത്തേക്ക് തേയില ലോഡുമായി വന്ന ലോറി ഞായറാഴ്ച വൈകീട്ട് ഇവിടെ ചളിയിൽ താഴ്ന്നു. ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചാണ് വാഹനം മാറ്റിയത്. ഈ റോഡിന് അനുവദിച്ച തുക ഉപയോഗിച്ച് ഉടൻ നിർമാണം പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സൈലന്റ്വാലി, ഗൂഡാർവിള, കുറ്റ്യാർവാലി പ്രദേശങ്ങളിലായി തോട്ടം തൊഴിലാളികൾ ഉൾപ്പെടെ രണ്ടായിരത്തോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മീശപ്പുലിമല ട്രക്കിങ്ങിനുള്ള സഞ്ചാരികളും ഇതുവഴിയാണ് പോകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.