ഇടുക്കി: മണ്ണിടിച്ചിൽ ദുരന്തത്തെ നേരിടാൻ സജ്ജരായിരിക്കുകയെന്ന സന്ദേശം നൽകി ചെറുതോണിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ചെറുതോണി ചെട്ടിമാട്ടകവലയിൽ മണ്ണിടിച്ചിലുണ്ടാവുകയും അവിടെ നടത്തിയ രക്ഷാപ്രവർത്തനവുമാണ് മോക്ഡ്രിലിൽ ഉണ്ടായിരുന്നത്. 11 മണിക്ക് അപകടം നടന്നതായി വാഴത്തോപ്പ് പഞ്ചായത്തിൽനിന്നും ഇടുക്കി തഹസിൽദാറെയും അവിടെ നിന്ന് കലക്ടറേറ്റിലെ കൺട്രോൾ റൂമിലേക്കും അറിയിച്ചു.
തുടർന്ന് വിവിധ വകുപ്പുകളിലേക്കും അറിയിപ്പ് നൽകി. 11.08ന് പൊലീസ്, 11.09ന് ഇടുക്കി തഹസിൽദാർ, 11.10ന് ഫയർ ആൻഡ് റെസ്‌ക്യൂ, 11.16ന് ആംബുലൻസ് മെഡിക്കൽ സംഘം എന്നിവർ സംഭവസ്ഥലത്തെത്തി. കൂടുതൽ രക്ഷാപ്രവർത്തകരെ ആവശ്യമായി വന്നതിനാൽ 11.15ന് പൈനാവിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ദേശീയ ദുരന്തനിവാരണ സേനയെ വിവരം അറിയിക്കുകയും 11.26ന് കൂടുതൽ സന്നാഹങ്ങളുമായി അവരും സ്ഥലത്തെത്തി. 15 പേരാണ് അപകടത്തിൽപെട്ടത്.
ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി ദുരന്തബാധിതരെ ഷെൽട്ടർ ക്യാമ്പിലേക്ക് മാറ്റുന്നതും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുന്നതും മോക്ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ സിവിൽ ഡിഫൻസ് ടീമും പങ്കാളികളായി.
ദേശീയ ദുരന്ത പ്രതികരണസേന, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ജി.സി. പ്രശാന്ത്, ഡെപ്യൂട്ടി കമാൻഡന്റ് സങ്കേത് ജി. പവർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. യൂനസ്, ഹസാർഡ് അനലിസ്റ്റ് ടി.ആർ. രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.