അടിമാലി: പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലം. എന്നാൽ, ഇത് ഉണ്ടാക്കിയ കോലാഹലം വലുതായിരുന്നു. പശ്ചിമഘട്ടത്തെ ലോകപൈതൃകസമിതിയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ നിബന്ധനകൾക്ക് അനുസൃതമായി പശ്ചിമഘട്ട വിദഗ്ദസമിതി റിപ്പോർട്ട് തയാറാക്കാൻ 2010 മാർച്ച് നാലിനാണ് യു.പി.എ സർക്കാർ ഗാഡ്ഗിൽ അധ്യക്ഷനായ സമിതി രൂപവത്കരിച്ചത്. 2011 ആഗസ്റ്റ് 31ന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഇത് ഇടുക്കിയിൽ ഉണ്ടാക്കിയ കോലാഹലം ചെറുതല്ല. ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന സംഘടന
രൂപപ്പെടാനും ജില്ല കണ്ട ഏറ്റവും വലിയ സമര പരമ്പരകൾക്ക് സാക്ഷ്യം വഹിക്കാനും ഇത് കാരണമായി. ഒമ്പത് ഹർത്താലുകളും വിഷയത്തിൽ ജില്ലയിൽ ഉണ്ടായി. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒരു ജനപ്രതിനിധി തന്നെ ഉണ്ടാവാനും ഇത് ഇടയാക്കി. കേരളത്തിലെ പല ദുരന്ത പശ്ചാത്തലങ്ങളിലും ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പുകൾ പ്രസക്തമായിരുന്നു. റിപ്പോർട്ടിന്റെ പേരിൽ ഗാഡ്കിൽ കേരളത്തിൽ ഒരു വിവാദ പുരുഷനും കൂടിയായിരുന്നു. എന്നാൽ, പരിസ്ഥിതി സംരക്ഷിക്കാതെ കേരളത്തിന് ഒരു പുനർനിർമാണവും സാധ്യമാകില്ലെന്ന നിലപാടിൽ ഗാഡ്കിൽ ഉറച്ചുനിന്നു. 2012 ജൂലൈയിൽ പശ്ചിമഘട്ടം ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ടതോടെ ഗാഡ്ഗിൽ സമിതിയുടെ കണ്ടെത്തലുകൾ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. ഇതോടെ ജനരോഷം ഉയർന്നു. മലയോര ജനതയുടെ ജീവനും സ്വത്തിനും നടപടികൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആളുകൾ തെരുവിലിറങ്ങി. ഗാഡ്ഗിലിനെതിരെയും ജനരോഷമുയർന്നു. ചില രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും പിന്തുണ പ്രതിഷേധക്കാർക്ക് ലഭിച്ചു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ പശ്ചിമഘട്ട പ്രദേശങ്ങളിൽനിന്ന് കർഷകർ വ്യാപകമായി കുടിയിറക്കപ്പെടുമെന്ന ആശങ്കയാണ് ഉയർന്നത്. പ്രതിഷേധങ്ങൾ രൂക്ഷമായതോടെ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആസൂത്രണ കമീഷൻ അംഗം കസ്തൂരിരംഗൻ അധ്യക്ഷനായി മറ്റൊരു സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചു.ഗാഡ്ഗിൽ സമിതി ശുപാർശകളെ കസ്തൂരി രംഗൻ സമിതി തത്വത്തിൽ അംഗീകരിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും പരിസ്ഥിതിലോലമെന്ന് വിലയിരുത്തിയ മേഖലകളിൽ കാതലായ മാറ്റങ്ങൾ ഇവർ മുന്നോട്ട് വെച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ വെള്ളംചേർത്തുവെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരംഗനെതിരെയും വിമർശനങ്ങളുയർന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.