തൊടുപുഴ: മലയോരത്തിന് മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ചാണ് പ്രഫ. മാധവ് ഗാഡ്ഗിൽ വിടവാങ്ങുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടും അതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളുമായിരുന്നു ഇതിന് കാരണം. പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് സമിതി രൂപവത്കരിച്ചത്. മലഞ്ചരിവുകളിലെ അനിയന്ത്രിത ക്വാറി പ്രവർത്തനങ്ങൾ, വനനശീകരണം, നിയന്ത്രണമില്ലാത്ത കെട്ടിടനിർമാണം, റോഡ് വികസനം എന്നിവ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ടിലെ വിലയിരുത്തൽ. ഇടുക്കിയിലേതടക്കം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രധാന്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതോടെ മലയോരത്തിലെമ്പാടും പ്രതിഷേധം ആളിക്കത്തി.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിലായിരുന്നു പ്രതിഷേധങ്ങൾ. രാഷ്ട്രീയപാർട്ടികളും ക്രൈസ്തവ സഭകളും വിവിധ സംഘടനകളും സമരങ്ങൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിൽ വിവിധ കോണുകളിൽനിന്ന് വ്യാപകമായ പ്രതിഷേധങ്ങളാണുയർന്നതെങ്കിലും 2018ലെ പ്രളയത്തോടെ കേരളത്തിലെമ്പാടും റിപ്പോർട്ടിന് സ്വീകാര്യത കിട്ടി. ഇടുക്കിയിലടക്കം അടിക്കടിയുണ്ടായ ചെറുതും വലുതുമായ പ്രകൃതിദുരന്തങ്ങളും അദ്ദേഹത്തിന്‍റെ മുന്നറിയിപ്പുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു. ‘‘പശ്ചിമഘട്ടം ആകെ തകർന്നിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ കരുതുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുത്തുന്നത് എന്ന് നിങ്ങൾക്കുതന്നെ മനസ്സിലാകും...’’ -2013ൽ അദ്ദേഹം പറഞ്ഞ വാക്കുകൾ പിന്നീട് ഓരോ ദുരന്തവേളയിലും എടുത്തുദ്ധരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.