നെടുങ്കണ്ടം: സംസ്ഥാന അതിര്‍ത്തിയായ കമ്പംമെട്ടിലെ തര്‍ക്കഭൂമിയില്‍ തമിഴ്നാട് നടത്തുന്ന കൈയേറ്റശ്രമം തടയുന്നതിന് അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. കഴിഞ്ഞ ദിവസവും കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കമ്പംമെട്ടില്‍ തമിഴ്നാട് വനം വകുപ്പ് സര്‍വേ വിഭാഗമെത്തി വിശ്രമകേന്ദ്രവും ചെക്പോസ്റ്റും നിര്‍മിക്കാന്‍ ശ്രമം നടത്തിയിരുന്നു.
നാളുകളായി കേരളവും തമിഴ്നാടും തമ്മില്‍ തർക്കം നിലനില്‍ക്കുന്ന ഭൂമിയിലാണ് അനധികൃത നിര്‍മാണത്തിന് ശ്രമിച്ചത്. മുമ്പ് പലതവണയും ഭൂമിയെച്ചൊല്ലി തര്‍ക്കമുണ്ടായതോടെ തേനി, ഇടുക്കി കലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഇവിടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ മാറിവന്ന പല സര്‍ക്കാറുകളും തയാറാകാത്തത് ഇരുസംസ്ഥാനങ്ങളെയൂം ഒപ്പം വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും വലക്കുകയാണ്. ഗൂഗ്ള്‍ മാപ്പില്‍ തമിഴ്നാടിന്റെ ഉടമസ്ഥതയിലാണ് കമ്പംമെട്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് 2017ല്‍ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017ല്‍ സംസ്ഥാന എക്സൈസ് വിഭാഗം മൊഡ്യൂള്‍ കണ്ടെയിനര്‍ ചെക്പോസ്റ്റ് സ്ഥാപിച്ചത് തമിഴ്നാട് നീക്കം ചെയ്യിച്ചു. എന്നാല്‍, പിന്നീട് തര്‍ക്കഭൂമിയില്‍ തമിഴ്നാട് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചതും ഏറെ കോലാഹലം സൃഷ്ടിച്ചു. തര്‍ക്കം മൂലം കേരളം നടത്തിയ പരിശോധനയില്‍ സ്വന്തം അതിര്‍ത്തി നിര്‍ണയിക്കാന്‍ വ്യക്തതയില്ലാതെ റവന്യൂ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ കൈവശമുള്ള സ്കെച്ച് പ്രകാരം കേരള-തമിഴ്നാട് അതിര്‍ത്തി വേര്‍തിരിക്കുന്ന സര്‍വേക്കല്ല് പോലും കാണാനില്ലായിരുന്നു. ആകെ രണ്ട് കല്ല് മാത്രമാണ് കണ്ടെത്താനായത്. ആകെ എത്ര കല്ലുകള്‍ സ്ഥാപിച്ചെന്നോ എത്രയെണ്ണം നഷ്ടപ്പെട്ടെന്നോ റവന്യൂ അധികൃതര്‍ക്ക് നിശ്ചയമില്ല.
അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളം ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം. കുമളി മുതല്‍ ബോഡിമെട്ട് വരെയുള്ള സംസ്ഥാന അതിര്‍ത്തിയിലെ പലയിടത്തും കൈയേറ്റം നടന്നിട്ടുണ്ട്. ഇതെല്ലാം അതത് സമയങ്ങളില്‍ ബന്ധപ്പെട്ട റവന്യൂ അധികൃതരെയും പൊലീസിനെയും അറിയിക്കുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
ഇടുക്കി തിരുവിതാകൂറിന്റെ ഭാഗമായിരുന്ന 1906ല്‍ നടത്തിയ സര്‍വേ പ്രകാരം അതിര്‍ത്തി കമ്പംമെട്ടിന് വളരെ താഴെയായിട്ടാണ് നിശ്ചയിച്ചിരുന്നത്. 1972ല്‍ റീസര്‍വേയില്‍ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചെങ്കിലും അംഗീകരിച്ച് അന്തിമമാക്കിയിട്ടില്ല. പിഴവുകളില്ലാത്ത സര്‍വേയാണ് 1972ല്‍ നടന്നതെന്ന് ഉദ്യോഗസ്ഥരും അംഗീകരിക്കുന്നില്ല. 2017ല്‍ ഇവിടെ കേരളവും തമിഴ്നാടും സംയുക്ത സര്‍വേ നടത്തിയെങ്കിലും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.