കടുവ സങ്കേതത്തിനുള്ളിലെ ട്രക്കിങ്ങിന് പോയി വരുന്ന വിനോദസഞ്ചാരികൾ
ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പുതുവർഷം പടികടന്നെത്തുന്നത്. നാടിന്റെ വളർച്ചക്ക് ആദ്യമായി വേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്. ഇതിൽ ഇടുക്കി വളരെയേറെ മുന്നോട്ട് പോയെങ്കിലും റോഡ്, വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ അപ്രാപ്യമായ ഇടങ്ങൾ ജില്ലയിൽ ഇപ്പോഴുമുണ്ട്. അടുത്ത കാലങ്ങളിൽ ഒട്ടേറെ പദ്ധതികൾ ഇടുക്കിയുടെ വികസനത്തിന് കുതിപ്പേകിയിട്ടുണ്ട്. അതേ സമയം ചിലത് പ്രഖ്യാപനങ്ങളായി നിലനിൽക്കുന്നു. പുതു വർഷ ദിനത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ വികസനവുമായി ബന്ധപ്പെട്ടും നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
മിനി സിവിൽ സ്റ്റേഷൻ മുതൽ റോഡുകൾ വരെ -മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി എം.എൽ.എ)
പുതിയ വർഷത്തിൽ പുതിയ പ്രതീക്ഷകളുമായി നിരവധി പദ്ധതികളാണ് ഇടുക്കി മണ്ഡലത്തിൽ ആവിഷ്കരിച്ചു നടപ്പാക്കാൻ പോകുന്നത്. ഇതിൽ ഏറ്റവും പ്രധാനം ടൂറിസം പദ്ധതികളും ഇടുക്കി മിനി സിവിൽ സ്റ്റേഷൻ നിർമാണവുമാണ്. ഈ വർഷം തന്നെ ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും. എത്രയും വേഗം പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കാൻ സാധിക്കും. അതുവഴി ജനങ്ങൾക്ക് സർക്കാർ ഓഫിസുകളിലെ സേവനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാകും. ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്റർ ഉടൻ ആരംഭിക്കും. കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടം നിർമാണമാണ് ഈ വർഷത്തെ മറ്റൊരു പ്രധാന പദ്ധതി. പ്രവർത്തനം ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. കാഞ്ഞാർ പാലത്തിന് നടപ്പാലം എന്ന ജനങ്ങളുടെ ആവശ്യം ഈ വർഷം തന്നെ പൂർത്തിയാക്കാൻ സാധിക്കും. ബജറ്റിൽ പ്രഖ്യാപിച്ച ഇറിഗേഷൻ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത് യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസത്തിന് കൂടുതൽ ഉണർവേകും.
വികസന കുതിപ്പുണ്ടാകും -ഡീൻ കുര്യാക്കോസ് ( എം.പി)
പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ജില്ലയെ സംബന്ധിച്ച് കരുതൽ മേഖല പ്രശ്നങ്ങളും കാർഷിക വിലത്തകർച്ചയും ഭൂ വിഷയങ്ങളും നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം ഒരു പരിഹാരം കാണാൻ ഈ വർഷം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസന കാര്യത്തിൽ ദേശീയ പാത കൊച്ചി- മൂന്നാർ 910 കോടിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചത് നേട്ടമാണ്. നേര്യമംഗലത്ത് പുതിയ പാലവും അനുവദിക്കപ്പെട്ടിട്ടുണ്ട്. ചെറുതോണിയിൽ നിർമാണത്തിലിരിക്കുന്ന പാലം മാർച്ച് മാസത്തോടെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയും. അടിമാലി- മുതൽ കുമളി വരെയുള്ള ദേശീയ പാതയുടെ വികസന പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. ഇടുക്കിയുടെ ആദ്യ കാല കുടിയേറ്റ റോഡായ ഉടുമ്പന്നൂർ-മണിയാറൻ കുടി റോഡിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയും. കട്ടപ്പനയിൽ ഇ.എസ്.ഐ ആശുപത്രി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നടപടികളും വേഗത്തിലാക്കും. ഇടമലക്കുടിയിൽ പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളും കൊച്ചിൻഷിപ്യാർഡിന്റെ സഹായത്തോടെ നടപ്പാക്കും. ജില്ലയിലെ ആദിവാസി പിന്നാക്ക മേഖലയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതും ഈ വർഷം പൂർത്തിയാക്കാൻ കഴിയും. ശബരി റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് തുടർ നടപടികൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗതിയിലാണ്.
തോട്ടം - കാർഷിക മേഖലകളുടെ ഉന്നമനം ലക്ഷ്യം -എ.രാജ (ദേവികുളം എം.എൽ.എ)
ദേവികുളം മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് 2023 ൽ ലക്ഷ്യമിടുന്നത്. ഗോത്ര വർഗക്കാരുടെയും തോട്ടം - കാർഷിക മേഖലയിലെ കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമാക്കിയാകും മുഖ്യമായ പ്രവർത്തനം . 2010ൽ നിലവിൽ വന്ന ഇടമലക്കുടി പഞ്ചായത്ത് ഇപ്പോഴും ശൈശവാസ്ഥയിലാണ് നിൽക്കുന്നത്. പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ പഞ്ചായത്ത് ആസ്ഥാനം ദിവസങ്ങൾക്കകം ഇടമലക്കുടിയിലേക്ക് മാറ്റും. ഇവിടേക്ക് റോഡ് നിർമാണവും ഉടൻ പൂർത്തിയാക്കും. മൂന്നാറിൽ തൂക്കുപാലം, പള്ളിവാസൽ പഞ്ചായത്തിൽ ലോക നിലവാരത്തിൽ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ ഗ്രൗണ്ട് എന്നിവ ഈ വർഷം തന്നെ യാഥാർഥ്യമാക്കാൻ കഴിയും. മൂന്നാർ ഫ്ലൈ ഓവർ നിർമാണം, 12.5 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിമാലി താലൂക്ക് ആശുപത്രി വികസനം, ഒ.പി യൂനിറ്റ്, ഡയാലിസിസ് സെന്റർ, മറ്റു സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയും ലക്ഷ്യത്തിലുണ്ട്. അടിമാലി റവന്യൂ ടവർ നിർമാണം, അടിമാലി അമ്മയും കുഞ്ഞും ആശുപത്രി നിർമാണം എന്നിവയിലും നടപടികൾ സ്വീകരിച്ചു വരുന്നു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കുക ലക്ഷ്യം- വാഴൂർ സോമൻ (പീരുമേട് എം.എൽ.എ)
പീരുമേട് മണ്ഡലത്തിൽ തോട്ടങ്ങളിൽ ചിലത് പൂട്ടിക്കിടക്കാൻ തുടങ്ങിയിട്ട് 22 വർഷത്തോളമായി. ഇവ തുറപ്പിക്കാനുള്ള നടപടികളാണ് ഈ വർഷം ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ട്.
തകർന്നുകിടക്കുന്ന തോട്ടം മേഖലയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കുകയാണ് അടുത്തത്. പല റോഡുകളും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കാർഷിക മേഖല നാണ്യവിളകളുടെ വിലത്തകർച്ചമൂലം വലിയ കെടുതിയിലാണ്. അവർക്കായി പദ്ധതികൾ ആസൂത്രണം ചെയ്യും. ഏലപ്പാറ ആശുപത്രിയുടെ നിർമാണ ജോലികൾ പുരോഗമിക്കുന്നു. ഉപ്പുതറ ആശുപത്രിയിൽ 10 കോടിയുടെ നിർമാണം നടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഭാഷാന്യൂനപക്ഷങ്ങൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുക്കും. ഒരു തമിഴ് അക്കാദമിക്കായി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഒമ്പത് പഞ്ചായത്തിൽ 1800 കോടി കുടിവെള്ളത്തിനായി അനുവദിച്ചിട്ടുണ്ട്. കൊക്കയാർ, പെരുവന്താനം പഞ്ചായത്തിലും കുടിവെള്ള ടാങ്കുകൾ നിർമിക്കും. ഈ വർഷം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ശബരിമല സത്രം എയർസ്ട്രിപ്പിൽ ഹെലി ടൂറിസം പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇതും യാഥാർഥ്യമാക്കാൻ നടപടി കൊക്കൊള്ളും.
ആരോഗ്യത്തിനും ഗതാഗതത്തിനും മുൻഗണന -എം.എം. മണി (ഉടുമ്പൻചോല എം.എൽ.എ)
ആരോഗ്യമേഖലക്കും റോഡ് ഗതാഗതത്തിനും കുതിപ്പ് നൽകുന്ന വിവിധ പദ്ധതികൾ പുതുവർഷത്തിൽ യാഥാർഥ്യമാക്കാൻ കഴിയും. നെടുങ്കണ്ടം ജില്ല ആശുപത്രിയുടെ ആദ്യ ബ്ലോക്ക് നാടിന് സമർപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ആൻജിയോ പ്ലാസ്റ്റി അടക്കം സേവനം ഇവിടെ ലഭിക്കും. കൂടാതെ 50 കിടക്കകളും ഉണ്ടാകും. വെന്റിലേറ്റർ സൗകര്യമുള്ള ബ്ലോക്ക് ഏപ്രിലിന് മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. പുതുവർഷത്തിന്റെ ആദ്യം തന്നെ നത്തുകല്ല് - അടിമാലി റോഡ് യാഥാർഥ്യമാക്കും . നത്തുകല്ല്, ഇരട്ടയാർ, ഈട്ടിതോപ്പ്, ചിന്നാർ, പണിക്കൻകുടി വഴി അടിമാലിക്കുള്ള റോഡാണിത്.
മേജർ റോഡുകളുടെയെല്ലാം നിർമാണം പൂർത്തിയാക്കും. കമ്പംമെട്ട് - വണ്ണപ്പുറം റോഡിന്റെ നിർമാണോദ്ഘാടനം ജനുവരിയിൽ നടക്കും. കമ്പംമെട്ട്, ശാന്തിപുരം തൂക്കുപാലം, കല്ലാർ ,എഴുകുംവയൽ വഴി ശാന്തിപുരം റോഡാണിത്. ഗതാഗത മേഖലയിലെ കുതിച്ച് ചാട്ടം മറ്റ് വികസന പ്രവർത്തനങ്ങൾക്കും വേഗം കൂട്ടും.
തൊടുപുഴ ഇനിയും വളരും -പി.ജെ. ജോസഫ് (തൊടുപുഴ എം.എൽ.എ)
തൊടുപുഴയിൽ ഒരു സ്റ്റേഡിയം എന്നത് എക്കാലത്തെയും ആഗ്രഹമാണ്. ഇത് യാഥാർഥ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കും. തൊടുപുഴ മാരിയിൽക്കലുങ്ക് പാലം, അപ്രോച് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. പാപ്പുട്ടി ഹാൾ - വെങ്ങല്ലൂർ ബൈപാസ് അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കും. തൊടുപുഴ മുണ്ടേക്കല്ലിൽ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണം ആരംഭിക്കും.
കാരിക്കോട് - അഞ്ചിരി - ആനക്കയം - കാഞ്ഞാർ റോഡ് ആധുനിക രീതിയിൽ നിർമിക്കാൻ നടപടി സ്വീകരിക്കും.
പ്രധാന പൊതുമരാമത്ത് റോഡുകളുടെ നവീകരണം കൂടാതെ മുട്ടം ബൈപാസ്, പെരുമാങ്കണ്ടം - കോട്ട റോഡ് നിർമാണം എന്നിവക്കായി നടപടി കൈക്കൊള്ളും. മലങ്കര ടൂറിസം പദ്ധതിക്കായി കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുണ്ട്. തൊടുപുഴ ജില്ല ആശുപത്രിയുടെ വിപുലീകരണത്തിന് നടപടി സ്വീകരിക്കും. കാരിക്കോട് - ചുങ്കം ബൈപാസിനുള്ള (കാരിക്കോട് - മുതലിയാർമഠം - കാഞ്ഞിരമറ്റം - മാരിയിൽകലുങ്ക് പാലം - ഡിവൈൻ മേഴ്സി വഴി ചുങ്കം) നടപടികൾക്കും തുടക്കം കുറിക്കും.
തേക്കടിയിൽ തിമിർത്ത് സഞ്ചാരികൾ
കുമളി: പുതുവർഷത്തോടനുബന്ധിച്ച് വിനോദസഞ്ചാരികളാൽ നിറഞ്ഞ് തേക്കടി. തടാകത്തിലെ ബോട്ട് സവാരിക്കൊപ്പം പെരിയാർ കടുവ സങ്കേതത്തിലെ വിവിധ ഇക്കോ ടൂറിസം പരിപാടികളിലും സഞ്ചാരികളുടെ വൻ പങ്കാളിത്തമുണ്ട്.
കടുവ സങ്കേതത്തിനുള്ളിൽ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കടുവയെത്തേടിയുള്ള കാട്ടിനുള്ളിലെ താമസവും യാത്രയുമായ ടൈഗർ ട്രയൽ, ഉൾക്കാട്ടിലെ സാഹസിക മുളം ചങ്ങാട യാത്രയായ ബാംബൂറാഫ്റ്റിങ്, കാട്ടിനുള്ളിലെ കാഴ്ചകൾ കണ്ട് നടക്കുന്ന നേച്വർ വാക്എന്നിങ്ങനെ മുഴുവൻ പരിപാടികളിലും സഞ്ചാരികളുടെ വലിയ പങ്കാളിത്തമാണ് ദിവസങ്ങളായി തുടരുന്നത്. വനത്തിനുള്ളിലെ വിവിധ താമസ കേന്ദ്രങ്ങളിൽ ഈ മാസം 15 വരെ മുറികൾ ഒഴിവില്ലാത്ത വിധം മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾക്കൊപ്പം രണ്ടു വർഷം നീണ്ട ഇടവേളക്കൊടുവിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളും വന്നു തുടങ്ങിയത് വലിയ ഉണർവാണ് ഈ മേഖലക്ക് നൽകിയത്. തേക്കടിയിലെത്തിയ സഞ്ചാരികൾ തേക്കടിയിലെ കാഴ്ചകൾ ആസ്വദിച്ച ശേഷം സമീപ പ്രദേശമായ സത്രം, ഒട്ടകത്തലമേട്, തമിഴ്നാട് തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള മുന്തിരിത്തോട്ടം ,കൃഷിയിടങ്ങൾ, ചുരുളി വെള്ളച്ചാട്ടം എന്നിവയെല്ലാം സന്ദർശിച്ചാണ് മടങ്ങി പോകുന്നത്.
ഇടവേളക്കു ശേഷം തേക്കടിയെ തേടി സഞ്ചാരികൾ കൂട്ടത്തോടെ എത്തിയത് സാമ്പത്തിക മേഖലയിലും ഉണർവിനിടയാക്കിയിട്ടുണ്ട്.
2022 ന് വിട; പുതുവർഷം ആഘോഷമാക്കി ഇടുക്കി
തൊടുപുഴ: പുത്തൻ പ്രതീക്ഷകളുമായെത്തിയ പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് ഇടുക്കി. ആടിയും പാടിയും പടക്കം പൊട്ടിച്ചും ആശംസകൾ നേർന്നും മലയോര ജനത പുതുവർഷത്തെ ഹൃദയത്തോട് ചേർത്തു. അർധ രാത്രിയുടെ തണുപ്പിൽ 2023 പിറന്നപ്പോൾ എങ്ങും ആരവമുയർന്നു. വിവിധ ക്ലബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റും നേതൃത്വത്തിൽ ആഘോഷ പരിപാടികളും പുതുവത്സരത്തോടനുബന്ധിച്ചു നടന്നു. വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളടക്കം ആയിരങ്ങൾ ജില്ലയിലെ ആഘോഷങ്ങളിൽ പങ്കുചേർന്നു.
പുതുവർഷത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ശനിയാഴ്ച മുതൽ നാടും നഗരവുമെല്ലാം. വൈകീട്ടോടെ വിവിധ സ്ഥലങ്ങളിലും ഹോട്ടലുകളിലും ആഘോഷപരിപാടികൾ തുടങ്ങി. സൗഹൃദകൂട്ടായ്മകളും സംഗീത നിശകളും ഉൾപ്പെടെ കലാപരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. ജില്ലയിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലുമടക്കം വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ഒട്ടേറെപ്പേർ പുതുവർഷം ആഘോഷിക്കാൻ ഇടുക്കിയിലേക്ക് എത്തിയിരുന്നു.
പുതുവത്സരം കണക്കിലെടുത്ത് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ശനിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച പുലർച്ച വരെ പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും തുടർച്ചയായ വാഹനപരിശോധനയും ജില്ലയിൽ നടത്തി. മോട്ടോർ വാഹന വകുപ്പും പുതുവർഷം കണക്കിലെടുത്ത് രാത്രി വാഹനപരിശോധന കർശനമാക്കിയിരുന്നു. വ്യാജമദ്യ-ലഹരി മരുന്ന് കടത്തും വിൽപനയും തടയാൻ എക്സൈസും ഏറെ ജാഗ്രത പുലർത്തി.
മൂന്നാറിൽ എത്തിയത് ആയിരങ്ങൾ
മൂന്നാർ: തെക്കിന്റെ കശ്മീരായ മൂന്നാറിൽ പുതുവത്സരം ആഘോഷിക്കാൻ എത്തിയത് ആയിരങ്ങൾ. മൂന്നാറിന്റെ കുളിര് നുകർന്ന് പുതുവൽസരം ആഘോഷിക്കാൻ റിസോർട്ടുകളും ക്ലബുകളും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഉള്ളവരടക്കം മൂന്നാറിലെത്തിയിരുന്നു. ഒരാഴ്ചയായി ലോഡ്ജുകളും റിസോർട്ടുകളും നിറഞ്ഞ നിലയിലാണ്. തിരക്ക് മൂലം വാഹനക്കുരുക്കുണ്ട്. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമല, മാട്ടുപ്പെട്ടി ഡാം, എക്കോപോയന്റായ കുണ്ടള, ടോപ്സ്റ്റേഷൻ, ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവട, ചന്ദനക്കാടായ മറയൂരിലെ വിസ്മയക്കാഴ്ചകൾ, ചിന്നാർ വന്യജീവി സങ്കേതം, ആനയിറങ്കൽ ഡാം എന്നിവിടങ്ങളെല്ലാം ശനിയാഴ്ച സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.