ഹൈടെക്കാകും റേഷൻ കട

തൊടുപുഴ: അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രം കിട്ടുന്ന ഇടങ്ങൾക്ക് പകരം മിനി ബാങ്കിങ് ഇടപാടും അക്ഷയ സേവന സൗകര്യവുമടക്കം ലഭ്യമാകുന്ന ഹൈടെക് കേന്ദ്രങ്ങളായി (കെ-സ്റ്റോർ) റേഷൻ കടകൾ മാറുന്നു. ജില്ലയിൽ അഞ്ചിടങ്ങളിലാണ് റേഷൻ കടകൾ ഹൈടെക്കാകാൻ തയാറെടുക്കുന്നത്. ഇതിൽ ദേവികുളം താലൂക്കിൽ എ.ആർ.ഡി നമ്പർ 72 എന്ന റേഷൻ കടയാകും ജില്ലയിൽ ആദ്യമായി ഹൈടെക്കാകുക. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മിനി ഗ്യാസ് ഏജൻസി, മിൽമ ബൂത്ത് എന്നീ സേവനങ്ങൾകൂടി ലഭിക്കുന്ന തരത്തിലാകും റേഷൻ കടകളുടെ രൂപമാറ്റം.

ബാങ്കുമായി ബന്ധിപ്പിച്ച സ്മാർട്ട് കാർഡ് വഴി സ്വന്തം അക്കൗണ്ടിൽനിന്ന് കാർഡ് ഉടമകൾക്ക് എ.ടി.എം മാതൃകയിൽ പണം പിൻവലിക്കാനാകും. പരമാവധി 5000 രൂപയാണ് എടുക്കാനാകുക. ഇടപാട് പൂർത്തിയായാൽ റേഷൻ കടയിൽനിന്ന് പണം കൈപ്പറ്റാം. ദേവികുളത്തിന് പിന്നാലെ തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല എന്നിവിടങ്ങളിലും ഘട്ടംഘട്ടമായി കെ-സ്റ്റോറുകൾ തുറക്കാനാണ് ആലോചിക്കുന്നത്. ഇടുക്കി ജില്ലയെ സംബന്ധിച്ച് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. അധിക സ്ഥലങ്ങളിലും ഒരു പഞ്ചായത്തില്‍ ഒരു മാവേലി സ്റ്റോര്‍ മാത്രമേ കാണൂ. ഹൈടെക് റേഷൻ കടകളിലൂടെ സബ്സിഡിയടക്കമുള്ളവകൂടി നൽകാനും ആലോചനയുണ്ട്. അഞ്ച് കിലോ വരെയുള്ള ചോട്ടു ഗ്യാസ് ആവശ്യക്കാര്‍ക്ക് സ്റ്റോറിലെത്തി പണമടച്ച് വാങ്ങാനുള്ള സംവിധാനവും ഒരുക്കും. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവക്കൊപ്പം വെളിച്ചെണ്ണ, പഞ്ചസാര, കടല, ചെറുപയര്‍, മുളക് തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമായ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളും റേഷന്‍ കടകളിലൂടെ വാങ്ങാനാകും. ഇത് വിദൂര ഗ്രാമീണ മേഖലയിലാകും സ്ഥാപിക്കുക. ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പദ്ധതി ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതാകും പദ്ധതി.

ഘട്ടംഘട്ടമായി സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് പരിശോധനയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ ലൈസന്‍സികള്‍ക്ക് കെ-സ്റ്റോര്‍ അനുവദിക്കും.

എല്ലാ ജില്ലകളിലും കെ-സ്റ്റോറുകൾ തുറക്കുന്നതിന്‍റെ ഭാഗമായാണ് ഇടുക്കിയിലും പരീക്ഷണാർഥം ദേവികുളത്ത് സ്ഥാപിക്കുന്നത്. അക്ഷയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ ഇവയില്‍ പരിജ്ഞാനമുള്ള ജീവനക്കാരനെയും കടകളില്‍ ആവശ്യമാണ്. എന്നാൽ, ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് തീ​രു​മാ​ന​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്ന്​ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Tags:    
News Summary - High tech ration shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.