ഇടുക്കിക്കും സർക്കാറിന്റെ ഇന്റർനെറ്റ്തൊടുപുഴ: എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിലും പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ഷൻ നൽകിവരുന്നത്. അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കലും ഇതിനു പിന്നാലെ കണക്ഷൻ ലഭ്യമാക്കുന്ന പ്രവൃത്തികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ, ജില്ലയിൽ ഈ വർഷം മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി പല കാരണങ്ങളാൽ നീളുകയാണ്.
ജില്ലയിൽ 1201 സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലുമായി കെ-ഫോൺ സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇതിൽ 908 ഇടങ്ങളിൽ കണക്ഷൻ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി നിയോജക മണ്ഡലത്തിൽ 245ഉം പീരുമേട്ടിൽ 226ഉം തൊടുപുഴയിൽ 319ഉം ഉടുമ്പൻചോലയിൽ 153ഉം ദേവികുളത്ത് 258ഉം സർക്കാർ സ്ഥാപനങ്ങളിലും ഓഫിസുകളിലുമാണ് ഇതുവരെ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചത്. ഇതിൽ സർക്കാർ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്നു.
ആദ്യഘട്ടത്തിൽ ജില്ലയിലെ ഓരോ നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്ക് വീതം കെ-ഫോൺ പദ്ധതിയിലൂടെ സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് ഈ കുടുംബങ്ങളുടെ പട്ടിക തയാറാക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലത്തിലെയും അർഹരായ കുടുംബങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. ഇവർക്ക് കണക്ഷൻ നൽകാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബി.പി.എൽ വിഭാഗത്തിൽപെട്ടതും സ്കൂൾ വിദ്യാർഥികൾ ഉള്ളതുമായ പട്ടികവർഗ കുടുംബങ്ങൾക്കാണ് ആദ്യപരിഗണന. തുടർന്ന്, സ്കൂൾ വിദ്യാർഥികളുള്ള ബി.പി.എൽ വിഭാഗം പട്ടികജാതി കുടുംബങ്ങളെയും ഇതിനുശേഷം കോളജ് വിദ്യാർഥികളുള്ള ബി.പി.എൽ വിഭാഗം പട്ടികവർഗ-പട്ടികജാതി കുടുംബങ്ങളെയും പരിഗണിക്കും. സ്കൂൾ വിദ്യാർഥികളുള്ള, ഒരാൾക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ള ബി.പി.എൽ കുടുംബത്തെയാകും നാലാമത് പരിഗണിക്കുക. അഞ്ചാമതായി സ്കൂൾ വിദ്യാർഥികളുള്ള മറ്റെല്ലാ ബി.പി.എൽ കുടുംബങ്ങളെയും പരിഗണിക്കും.
കണക്ഷനുള്ളവർക്ക് സെക്കൻഡിൽ 10 മുതൽ 15 എം.ബിവരെ വേഗമുള്ള ഒന്നര ജി.ബി ഡേറ്റ ഒരു ദിവസം സൗജന്യമായി ലഭിക്കും. ജില്ലയിൽ മൂലമറ്റം, തൊടുപുഴ, ഉടുമ്പന്നൂർ, നേര്യമംഗലം, കുത്തുങ്കൽ, സേനാപതി, നെടുങ്കണ്ടം, കട്ടപ്പന, വാഴത്തോപ്പ് എന്നീ വൈദ്യുതി സബ്സ്റ്റേഷനുകളെ അടിസ്ഥാനമാക്കിയാണ് കണക്ഷൻ നൽകുന്നത്. കെ-ഫോൺ കണക്ഷൻ ലഭ്യമായിട്ടും ഉപയോഗിക്കാത്ത സ്ഥാപനങ്ങളും ഏറെയാണ്. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന കണക്ഷനിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള വിമുഖതയുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും റോഡ് നിർമാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കെ-ഫോൺ കേബിൾ സ്ഥാപിക്കുന്ന ജോലികളെ ബാധിച്ചിട്ടുണ്ട്. എങ്കിലും നടപടികൾ പലയിടത്തും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.