തൊ​ടു​പു​ഴ ഗാ​ന്ധി സ്ക്വ​യ​റി​ന്​ സ​മീ​പം പൊ​തു​മ​രാ​മ​ത്ത്​ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച ബോ​ർ​ഡ്

തിരികെ കിട്ടി; പുഴ പോലും മറന്ന പേര്...

തൊടുപുഴ: നഗരത്തിന്‍റെ പ്രധാന ആകർഷണമാണ് ഒരിക്കലും വറ്റാതെയൊഴുകുന്ന തൊടുപുഴയാറും കുറുകെയുള്ള പാലവും. പാലത്തിനക്കരെയും പാലത്തിനിക്കരെയും എന്നാണ് നഗരത്തെ പഴമക്കാർ ഇപ്പോഴും വിശേഷിപ്പിക്കുന്നതും. ഗാന്ധി സ്ക്വയറിനെയും മുനിസിപ്പൽ ഓഫിസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ പാലത്തെ നഗരത്തിന്‍റെ ലാൻഡ് മാർക്ക് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.നാട്ടുകാരുടെ ഈ പഴയ പാലത്തിന്‍റെ പേരുമാറ്റം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

പാലത്തിനു സമീപം പൊതുമരാമത്ത് കഴിഞ്ഞ ദിവസം പുളിക്കൽ പാലം എന്ന് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചതാണ് കാരണം. ഗാന്ധി സ്ക്വയറിന് സമീപം പഴയ ബസ്സ്റ്റാൻഡിനോട് ചേർന്നും മറുവശത്ത് നഗരസഭ ഓഫിസിന് സമീപവുമാണ് പുളിക്കൽ പാലം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് എഴുതി സ്ഥാപിച്ചത്. ഇനി പേര് എഴുതിയ ബോർഡ് തെറ്റായ സ്ഥലത്തുകൊണ്ട് വെച്ചതാണോ എന്ന സംശയവും ഉണ്ടായി.

നാളുകളായി പഴയ പാലം അടയാളമായി പറഞ്ഞിരുന്നവരും നഗരവാസികളുമൊക്കെ ഇപ്പോൾ എന്താണ് ഇങ്ങനെയൊരു പേരെന്ന അന്വേഷണത്തിലായി. ഇതോടെ പൊതുമരാമത്ത് അധികൃതർ യഥാർഥ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.പഴയ പാലത്തിന്‍റെ യഥാർഥ പേര് പൊതുമരാമത്തിന്‍റെ രേഖകളിലിലെല്ലാം പുളിക്കൽ പാലമെന്നാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക രേഖകളിലും ഈ പേര് തന്നെ. വർഷങ്ങൾക്ക് മുമ്പ് പാലത്തോട് ചേർന്ന് പുളിക്കൽ എന്നൊരു കുടുംബം താമസിച്ചിരുന്നുവെന്നും ഇവിടുണ്ടായിരുന്ന കടവിന്‍റെ പേര് പുളിക്കൽ എന്നായിരുന്നുവെന്നും പറയുന്നു. പുളിക്കലാറെന്നും പലരും തൊടുപുഴയെ വിളിച്ചതായി പഴമക്കാർ പറയുന്നു. ഇങ്ങനെ ഇവിടെ നിർമിച്ച പാലത്തിനും ആ പേര് വീഴുകയായിരുന്നു.

കോൺക്രീറ്റ് പാലം വരുന്നതിന് മുമ്പ് തടിപ്പാലത്തിലൂടെയാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. അന്ന് ഇടുക്കി പദ്ധതി ആരംഭിക്കാത്തതിനാൽ അവിടെ നിന്നുള്ള വെള്ളം തൊടുപുഴയാറിലേക്ക് ഒഴുകിയെത്തിയിരുന്നില്ല. കനത്ത മഴയിൽ മാത്രമാണ് അന്ന് പുഴ നിറഞ്ഞിരുന്നത്. വേനൽക്കാലത്ത് പുഴയിലൂടെ നടന്നാണ് ആളുകൾ അക്കരെ പോയിരുന്നത്.

1962ലാണ് കോൺക്രീറ്റ് പാലം നിർമിച്ചത്. ഇടുക്കി പദ്ധതിയുടെ നിർമാണ കാലത്ത് ഭാരം കൂടിയ യന്ത്രസാമഗ്രികൾ ഇതുവഴി കൊണ്ടുപോകുക കൂടിയായിരുന്നു ലക്ഷ്യം. സുർക്കിയിലായിരുന്നു അന്നത്തെ തടിപ്പാലത്തിന്‍റെ തൂണുകൾ നിർമിച്ചിരുന്നത്. അതിന്‍റെ മുകളിൽ പാലം കോൺക്രീറ്റ് ചെയ്തു. അന്നത്തെ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ ഷുക്കൂർ, കരിങ്കുന്നം രാമചന്ദ്രൻ, ഐ.സി. പൗലോസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പാലം നിർമാണം. പച്ചിക്കര പുന്നൂസ് സൂപ്രണ്ടിങ് എൻജിനീയറായിരുന്നു.

1990ഓടെ തൊടുപുഴയാറിന് സമീപം മൂപ്പിൽ കടവിൽ മറ്റൊരു പാലം കൂടി വന്നതോടെ പഴയ പാലമെന്ന വിളിപ്പേരും ആദ്യം നിർമിച്ചതിന് കിട്ടി. ഇതോടെ പുളിക്കൽ പാലമെന്ന പേര് പലരും മറന്നു. എന്തായാലും പുതിയ പേരിന് ചന്തമൊക്കെയുണ്ടെന്ന് പറയുന്നവരും ഞങ്ങൾക്ക് പഴയ പാലമെന്ന് തന്നെയാണ് വിളിക്കാനിഷ്ടമെന്ന് പറയുന്നവരുമുണ്ട്.

Tags:    
News Summary - got back; Even the river has forgotten its name...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.