തൊടുപുഴ: പാചകവാതക ക്ഷാമം അടുക്കളകളെ സ്തംഭിപ്പിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഉദയംപേരൂർ ബോട്ടിലിങ് പ്ലാന്റിലുണ്ടായ തൊഴിലാളി സമരത്തെ തുടർന്ന് ഇടുക്കി ജില്ലയിൽ ഇൻഡേൻ പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്ത് നൽകി. ഐ.ഒ.സി. പ്ലാന്റിലെ താൽക്കാലിക തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരമാണ് പ്രതിസന്ധിക്ക് കാരണം.
സമരം പിൻവലിച്ചിട്ടും പ്രത്യാഘാതങ്ങൾ ഇടുക്കിയിലെ വിതരണത്തെ സാരമായി ബാധിക്കുന്നു. പ്ലാന്റിൽനിന്ന് പ്രതിദിനം അയക്കുന്നതിൽ 50 മുതൽ 60 ലോഡുകളുടെ കുറവുണ്ടായതിനാൽ ജില്ലയിലെ വിതരണക്കാർക്ക് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല. ഇത് വിതരണ സമ്പ്രദായത്തെയും താളം തെറ്റിക്കുന്നു. മലയോര, വിദൂര പ്രദേശങ്ങളിലെ വീടുകളിൽ സിലിണ്ടർ എത്താൻ ദിവസങ്ങൾ വൈകുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്.
ലഭ്യമായ ലോഡുകൾ അയൽ ജില്ലകളായ എറണാകുളം, തൃശൂർ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത് ഇടുക്കിയുടെ ക്ഷാമം വർധിപ്പിക്കുകയാണ്. ജില്ലയുടെ പ്രത്യേകമായ ഭൂപ്രകൃതിയും പരിമിത ഗതാഗത സൗകര്യങ്ങളും കാരണം, തടസ്സമില്ലാത്ത എൽ.പി.ജി. വിതരണം ഇടുക്കിയിലെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ ഇടുക്കിയെ കൂടുതൽ ഒറ്റപ്പെടുത്തുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്ന് എം.പി കത്തിൽ പറഞ്ഞു.
ഇടുക്കി ജില്ലയുടെ മുഴുവൻ സപ്ലൈ ക്വാട്ടയും മുൻഗണനാടിസ്ഥാനത്തിൽ പുനഃസ്ഥാപിച്ച് വിതരണം സാധാരണ നിലയിലാക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷന് നിർദേശം നൽകണം. ബാധിക്കപ്പെട്ട എല്ല ജില്ലയിലും ലോഡുകൾ തുല്യമായി വിതരണം ചെയ്യണമെന്നും ഇടുക്കി പോലുള്ള വിദൂര പ്രദേശങ്ങൾക്ക് മുൻഗണനയും പ്രത്യേക പരിഗണനയും നൽകണമെന്നും നിലവിലെ വിതരണത്തിലെ കുറവ് പരിഹരിക്കാൻ സാധ്യമായ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.