തൊടുപുഴ: ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 140ഓളം കുട്ടികൾ പഠിക്കുന്ന കുമ്മംകല്ല് ബി.ടി.എം എൽ.പി സ്കൂളിന് സുരക്ഷിത കെട്ടിടം നിർമിക്കാൻ ഒടുവിൽ തൊടുപുഴ നഗരസഭ അധികൃതർ പെർമിറ്റ് നൽകി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പെർമിറ്റ് നൽകിയത്. ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് പകരം കെട്ടിടത്തിന് പ്ലാനും മറ്റും സമർപ്പിച്ച് മാസങ്ങൾ സ്കൂൾ അധികൃതർ കാത്തിരുന്നെങ്കിലും അധികൃതർ കനിഞ്ഞില്ല. തുടർന്ന് ഫെബ്രുവരി നാലിന് തൊടുപുഴയിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിൽ പരാതി നൽകിയതിനെ തുടർന്ന് കാര്യങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും കുറിച്ച് വിജിലൻസിനെ അറിയിക്കുകയും അറസ്റ്റ് ചെയ്യിക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് ഉദ്യോഗസ്ഥർ പെർമിറ്റ് നിഷേധിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദാലത്തിലെ നിർദേശ പ്രകാരം വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടുകയായിരുന്നു. ഒടുവിലാണ് ചൊവ്വാഴ്ച പെർമിറ്റ് അനുവദിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട നഗരസഭ അസി. എൻജിനീയർ സി.ടി അജി, ഇടനിലക്കാരനായ കോൺട്രാക്ടർ റോഷൻ എന്നിവരെ വിജിലൻസ് 2024 ജൂൺ 25ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയാക്കപ്പെട്ടതിനാൽ അന്നത്തെ നഗരസഭ ചെയർമാൻ സനീഷ് ജോർജിന് രാജിവെക്കേണ്ടിയും വന്നു. അസി. എൻജിനീയർക്ക് കൈക്കൂലി നൽകാൻ പരാതിക്കാരനോട് സനീഷ് ജോർജ് പറഞ്ഞു എന്ന പരാതിക്കാരന്റെ മൊഴി പ്രകാരമാണ് വിജിലൻസ് രണ്ടാം പ്രതിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.