മൂലമറ്റം: മൂലമറ്റം ടാക്സി സ്റ്റാൻഡിന് ഇത് അപൂർവ നിമിഷം. ഓട്ടോറിക്ഷ സ്റ്റാൻഡിൽനിന്നും ഏഴുപേർ അറക്കുളത്ത് സ്ഥാനാർഥികൾ. ഓട്ടോ ഡ്രൈവർമാരും കുടുംബക്കാരുമാണ് പഞ്ചായത്തിൽ മത്സരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് മൂഡിലാണ് മൂലമറ്റം ഓട്ടോസ്റ്റാൻഡ്. മൂന്നുമുന്നണികളിലെയും സ്ഥാനാർഥികൾ ഇവിടെ ജനവിധി തേടുന്നുണ്ട്.
ഓട്ടോറിക്ഷ ഡ്രൈവറായ വിനീഷ് വിജയൻ (കണ്ണൻ) ബി.ജെ.പി സ്ഥാനാർഥിയാണ്. കഴിഞ്ഞ വർഷം ആറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിനീഷ് വിജയൻ വിജയിച്ചിരുന്നു. 10ാം വാർഡിൽ മത്സരിക്കുന്ന മേരിക്കുട്ടി (ബിന്ദു) സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന സുനിലിന്റെ ഭാര്യയാണ്. പതിപ്പള്ളി വാർഡിൽനിന്ന് ജനവിധി തേടുന്ന സി.പി.ഐയിലെ ഓമന ഓട്ടോ സ്റ്റാൻഡിലെ കണ്ണന്റെ മാതാവാണ്.
ജലന്തർ വാർഡിലെ എൻ.ഡി.എ സ്ഥാനാർഥി ആശമോൾ ഓട്ടോ ഡ്രൈവർ സുമേഷിന്റെ ഭാര്യയാണ്. കെ.എസ്ഇ.ബി കോളനി വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന അനിത അനിൽകുമാർ ഓട്ടോ ഡ്രൈവർ അനിൽകുമാറിന്റെ ഭാര്യയാണ്. 12ാം വാർഡ് കേരള കോൺഗ്രസ് സ്ഥാനാർഥി റാണിമോൾ ഓട്ടോ ഡ്രൈവർ ഷറൈന്‍റെ (മോനാക്ക) ഭാര്യയാണ്. ഇതേ സ്റ്റാൻഡിൽ ജീപ്പ് ഓടിക്കുന്ന സന്തോഷ് ഇല്ലിക്കൻ എടാടുനിന്നുള്ള സി.പി.എം സ്ഥാനാർഥിയാണ്. വിവിധ മുന്നണികളിൽ മത്സരിക്കുമ്പോഴും എല്ലാവരും ഒരേ മനസ്സായാണ് സ്റ്റാൻഡിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.