തൊടുപുഴ: സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലെ എട്ട് സബ്സെന്ററുകള്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനതല പരിപാടിക്ക് ശേഷം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നു.
ഇടുക്കി മണ്ഡലത്തിലെ നരിയംപാറ, തൊടുപുഴ മണ്ഡലത്തിലെ പുതുപ്പരിയാരം, പീരുമേട് മണ്ഡലത്തിലെ ചെമ്മണ്ണ്, ദേവികുളം മണ്ഡലത്തിലെ പതിനാലാം മൈല്‍, ഉടുമ്പൻചോല മണ്ഡലത്തിലെ ചെമ്മണ്ണാര്‍, മാവടി, കല്ലുപാലം, കരുണാപുരം പഞ്ചായത്തിലെ കമ്പംമെട്ട് എന്നീ സബ്സെന്ററുകളാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തപ്പെട്ടത്.
ഗൃഹസന്ദർശനം, ഔട്ട്റീച്ച് ഇമ്യൂണൈസേഷൻ, ആർ.സി.എച്ച് സേവനങ്ങൾ, വിഷയാധിഷ്ഠിത ക്ലിനിക്കുകൾ, സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുള്ള ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിർണയം, വയോജന ക്ലിനിക്ക് തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ ഒമ്പത് ലാബ് പരിശോധനകൾ, 36ഓളം മരുന്നുകൾ തുടങ്ങിയ സൗകര്യങ്ങളോടെ രാവിലെ ആറു മുതൽ ഒമ്പതുവരെ ആശുപത്രിയുടെ സേവനം ജനങ്ങൾക്ക് ലഭ്യമാകും. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടിൽ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യം.
ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുക, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനം എന്നിവ സംഘടിപ്പിക്കും. കൂടാതെ ഗർഭിണികൾ, കിടപ്പുരോഗികൾ, സാന്ത്വന പരിചരണം ആവശ്യമായവർ എന്നിവർക്ക് പ്രത്യേക കരുതൽ ഒരുക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.