മറയൂർ ചന്ദന ഡിവിഷനിലെ വനമേഖലയിൽ വന്യ മൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ കുളം നിർമിക്കുന്ന വനം വകുപ്പ് ജീവനക്കാർ
തൊടുപുഴ: വേനൽ കടുത്തതോടെ വെള്ളം തേടി കാട്ടാനകളടക്കം വന്യ ജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ വനമേഖലകളിൽ ജലസാന്നിധ്യം ഉറപ്പാക്കി വനം വകുപ്പ്. കാട്ടാന, കാട്ടുപോത്ത്, കരടി, പുലി, ഉൾപ്പെടെ വന്യമൃഗങ്ങൾ വേനൽക്കാലത്ത് വെള്ളവും തീറ്റയും തേടി നാട്ടിൽ ഇറങ്ങുന്നത് വർധിച്ചതോടെയാണ് വനം വകുപ്പ് നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച മുതൽ മറയൂർ ചന്ദന ഡിവിഷനിലും അയ്യപ്പൻ കോവിൽ വനമേഖലയിലുമൊക്കെ മൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പ് വരുത്താനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. വന മേഖലയിൽ പലയിടത്തും കുളം കുത്തിയും തടയണ നിർമിച്ചും വെള്ളം ശേഖരിക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത് . കഴിഞ്ഞ വർഷങ്ങളിൽ വേനൽ കാലത്താണ് മറയൂർ, കാന്തല്ലൂർ മേഖലയിൽ വന്യജീവി ആക്രമണം കൂടുതൽ ഉണ്ടായത്.
ഇതിന്റെ പേരിൽ ഒട്ടേറെ പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന് പരിഹാരം എന്ന നിലയിലും മൃഗങ്ങൾ നാട്ടിൽ ഇറങ്ങി ജീവനും കൃഷിക്കുമടക്കം ഉണ്ടാക്കുന്ന നാശം ഒഴിവാക്കാനുമുള്ള മുൻ കരുതൽ എന്ന നിലയിലാണ് വനത്തിനുള്ളിൽ ആവശ്യമായ തീറ്റകളും കുടിവെള്ളവും ഒരുക്കുന്നത്. അയ്യപ്പൻ കോവിൽ റേഞ്ച് പരിധിയിലെ ഉൾവനത്തിൽ പതിനഞ്ചോളം സ്വാഭാവിക ജല സ്രോതസ്സുകളാണുള്ളത്.
ചെളിയും കാടും മൂടിയ ഇവ ഉദ്യോഗസ്ഥർ ചേർന്ന് വൃത്തിയാക്കിത്തുടങ്ങി. ഇടുക്കി ജലാശയത്തിൽ നിന്നും അകലെയുള്ള ഉൾക്കാടുകളിലും ഇവർ ജല സ്രോതസ്സുകൾ ഒരുക്കുന്നുണ്ട്. കാടിനുള്ളിൽ തന്നെ വന്യമൃഗങ്ങൾക്കായി ജല ലഭ്യത ഉറപ്പാക്കിയാൽ കുടിവെള്ളത്തിനായി മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.