നെടുങ്കണ്ടം: നീണ്ട കാത്തിരിപ്പിന് ശേഷം ജില്ലയിൽ മണ്ണെണ്ണ വിതരണം ആരംഭിക്കുന്നു. റേഷന്‍ വ്യാപാരികള്‍ കാലങ്ങളായി മണ്ണെണ്ണ വിതരണം നിർത്തിവെച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മറ്റ് ജില്ലകളില്‍ മണ്ണെണ്ണ വിതരണം പുനരാരംഭിച്ചെങ്കിലും ഇടുക്കി ജില്ലയില്‍ വിതരണം ആരംഭിച്ചിരുന്നില്ല.ഈ നടപടിയെ തുടർന്ന് കാര്‍ഡുടമകള്‍ പ്രയാസത്തിലായിരുന്നു.
എന്നാൽ ഈ ആഴ്ച മുതല്‍ മണ്ണെണ്ണ ഏറ്റെടുക്കുന്നതിനും വിതരണത്തിനും വ്യാപാരികള്‍ തയ്യാറാണെന്ന് അറിയിച്ചു. താലൂക്ക് കേന്ദ്രങ്ങളില്‍ മണ്ണെണ്ണ എത്തിച്ചു നല്‍കാമെന്ന് സിവില്‍ സപ്ലൈസ് അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികൾ സഹകരിക്കാമെന്ന് ഉറപ്പ് നൽകിയത്. ഹൈകോടതി വിധി പ്രകാരം അടുത്ത മാസം മുതല്‍ കടകളില്‍ വാതില്‍ പടിയായി മണ്ണെണ്ണ എത്തിച്ചു തരുമെന്ന പ്രതീക്ഷയും തീരുമാനത്തിന് കാരണമാണ്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ആവശ്യത്തിന് മണ്ണെണ്ണ മൊത്ത വിതരണ കേന്ദ്രങ്ങള്‍ ഇല്ല. നിലവിൽ 70 ഉം 100 ഉം കിലോമീറ്ററുകള്‍ ദൂരെയുളള കേന്ദ്രങ്ങളില്‍ പോയി മണ്ണെണ്ണ എടുക്കുന്നത് കട ഉടമകൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നു. ഈ കാരണങ്ങളാൽ വ്യാപാരികള്‍ മണ്ണെണ്ണ ഏറ്റെടുക്കാതെ ബഹിഷ്‌ക്കരിച്ചിരുന്നു.
റേഷന്‍ കടകളില്‍ വാതില്‍ പടിയായി ടാങ്കര്‍ ലോറികളില്‍ മണ്ണെണ്ണയും എത്തിച്ചു തരണമെന്ന ആവശ്യം ഉന്നയിച്ച് റേഷന്‍ വ്യാപാരി സംഘടനകള്‍ സംസ്ഥാന തലത്തില്‍ കേരള ഹൈ കോടതിയെ സമീപിക്കുകയും വ്യാപാരികള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിക്കുകയും, പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന് നിശ്ചിത കാലാവധി സാവകാശം നല്‍കിയിരിക്കകയാണ്.
എന്നാൽ സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന മണ്ണെണ്ണ നഷ്ടപെടാതിരിക്കുന്നതിനായി താലൂക്ക് കേന്ദ്രങ്ങളില്‍ മണ്ണെണ്ണ എത്തിച്ചു തരാമെന്ന് സിവില്‍ സപ്ലൈസ് അധികൃതരുടെ ഉറപ്പ് നൽകി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തവണ മാത്രം മണ്ണെണ്ണ ഏറ്റെടുക്കുന്നതിനും, അടുത്ത തവണ കടകളില്‍ വാതില്‍ പടിയായി മണ്ണെണ്ണ എത്തിച്ചു തരുമെന്നുള്ള ഹൈകോടതി വിധി അധികൃതര്‍ നടപ്പിലാക്കിയാല്‍ മാത്രം സഹകരിക്കുന്നതിനും ജില്ലയിലെ റേഷന്‍ വ്യാപാരികളുടെ സംയുക്ത സമിതി തിരുമാനിച്ചു.
സമിതി ജില്ല വൈസ് ചെയര്‍മാന്‍ എ.മണി (പീരുമേട്) അധ്യക്ഷതവഹിച്ചു. ജില്ല കണ്‍വീനര്‍ സോണി കൈതാരം,തോമസുകുട്ടി ഇടുക്കി, ഡൊമിനിക് തൊടുപുഴ, കെ.സി.സോമന്‍, ഇ.എസ്. സജീവന്‍, തോമസ് മീന്‍പുഴ, റെജി,അബ്രാഹം മൂന്നാര്‍, സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.