െതാടുപുഴ: ഏത് വേനലിലും നിലക്കാതെ ഒഴുകുന്ന തൊടുപുഴയാറിെൻറ ഇരുകരകളും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. സ്ഥാനാർഥികളെക്കുറിച്ചും അവരുടെ ഇടപെടലുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമെല്ലാം തൊടുപുഴക്കാർക്ക് വ്യക്തമായ ധാരണയുമുണ്ട്. കനത്ത ചൂടിൽനിന്ന് അഭയം തേടാൻ താൽക്കാലിക കെ.എസ്.ആർ.ടി.സി സ്റ്റാൻഡിെൻറ അരികിൽ ഡ്രൈവർ നിർമിച്ച വിശ്രമകേന്ദ്രമിപ്പോൾ രാഷ്ട്രീയ ചർച്ചകളുടെ പ്രധാന ഇടമാണ്. വാഹനത്തിന് ഓട്ടമില്ലാത്ത സമയങ്ങളിലാണ് ഇവരുടെ വട്ടംകൂടലും തെരഞ്ഞെടുപ്പ് ചർച്ചയും.
തൊടുപുഴ വികസനരംഗത്ത് ഏറെ കുതിച്ചുചാട്ടം നടത്തുന്ന നഗരമാണെന്നും അതിെൻറ പിന്നിൽ യു.ഡി.എഫ് സ്ഥാനാർഥിയായ പി.ജെ. ജോസഫിെൻറ കരങ്ങളാണെന്നുമുള്ള അബ്ദുൽ കരീമിെൻറ സംസാരം കേട്ടാണ്, വിശ്രമകേന്ദ്രത്തിലെ ഇരിപ്പിടത്തിേലക്ക് ഹുസൈൻ കയറിവരുന്നത്. കെ.ഐ. ആൻറണി മികച്ച സ്ഥാനാർഥി തന്നെയാണെന്നും ഇത്തവണ ഒരിക്കലും കണ്ടിട്ടില്ലാത്ത മികച്ച പോരാട്ടത്തിനാകും തൊടുപുഴ സാക്ഷ്യംവഹിക്കുകയെന്നും ഹുസൈൻ ഇതിനോട് പ്രതികരിച്ചു. തൊടുപുഴ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നതിൽ മുഖ്യപങ്ക് പി.ജെ. ജോസഫിനാണെന്ന് ഇവിടെയുണ്ടായിരുന്ന പി.എം. ഹനീഫയും പള്ളിമുക്കിൽ ബഷീറും ചൂണ്ടിക്കാട്ടി.
എന്നാൽ, എൽ.ഡി.എഫ് സർക്കാറിെൻറ കാലത്താണ് വികസനങ്ങളോരോന്നും തൊടുപുഴയിലേക്കെത്തിയതെന്നാണ് ചർച്ച കേട്ടിരുന്ന തേക്കിൻകാട്ടിൽ റിയാസിന് പറയാനുണ്ടായിരുന്നത്. ലോറി സ്റ്റാൻഡിന് കൺമുന്നിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുറന്ന് നൽകാത്തതും മൂപ്പിൽകടവ് പാലത്തിെൻറ അേപ്രാച്ച് റോഡ് യാഥാർഥ്യമാകാത്തതും എം.എൽ.എയുടെ വീഴ്ചയല്ലേ എന്നായിരുന്നു ഇദ്ദേഹത്തിെൻറ ചോദ്യം.
സർക്കാർ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ലെന്ന റിയാസിെൻറ വാദഗതിയെ മുടക്കി അതിന് സാധ്യതയില്ലെന്ന് സി.എ. ഷിബു അൽപം കടുപ്പിച്ച് പറഞ്ഞു. ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന് ചെയ്യാവുന്ന കാര്യങ്ങൾപോലും ചെയ്യുന്നില്ലെന്നാണ് ഷിബു പറയുന്നത്.
അധിക നികുതിയടക്കം ഒഴിവാക്കുന്നത് ആശ്വാസമായേനെ. 5000 രൂപക്ക് ഒാട്ടംപോയി വന്നാൽ 1000 രൂപ പോലും കിട്ടാത്ത സ്ഥിതിയാണ്. കേട്ടിരുന്ന അബ്ദുൽ ജബ്ബാറിന് പറയാനുള്ളതും കെ.ഐ. ആൻറണി മികച്ച എതിരാളിയാണെന്നും ഇത്തവണ മികച്ച പോരാട്ടമാണ് തൊടുപുഴയിൽ നടക്കുന്നതെന്നുമാണ്. ചർച്ച പുരോഗമിക്കുന്നതിനിടെ കൂടുതൽപേർ വിശ്രമകേന്ദ്രത്തിലെത്തി.
അഭിപ്രായങ്ങളിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും വ്യത്യസ്തതയുണ്ടെങ്കിലും ഇവർക്കെല്ലാം പറയാനുള്ള ഒരുകാര്യം ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാകണം നേതാവ് എന്നതാണ്. ഇതിനിടെ വാഹനത്തിന് ഓട്ടം ലഭിച്ചവരിൽ ചിലരൊക്കെ പുറത്തേക്കുപോയി. സമയം ഉച്ചക്ക് ഒരുമണിയോടടുത്തതോടെ ബാക്കി ചർച്ച വന്നിട്ട് എന്ന് പറഞ്ഞ് ചിലർ ഉച്ചയൂണിനും ഇറങ്ങി.
അപ്പോഴും മുന്നണികളുടെ അനൗൺസ്മെൻറ് വാഹനങ്ങൾ സ്ഥാനാർഥികളുടെ വരവറിയിച്ച് കാഞ്ഞിരമറ്റം ബൈപാസിന് മുന്നിലൂടെ ഇടതടവില്ലാതെ പാഞ്ഞുപോയ്ക്കൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.