തൊടുപുഴ: ഇടവേളക്ക് ശേഷം ഒാൺ ലൈൻ പണം തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. വാട്ട്സപ്പ്, ഫേസ് ബുക്ക് അടക്കം മാധ്യമങ്ങൾ ആയുധമാക്കിയാണ് സംഘത്തിന്റെ പ്രവർത്തനം. പൊലീസിനെറയും വിവിധ ഔദ്യോഗിക സംവിധാനങ്ങളുടേ ഇടപെടലുകൾ സജീവമായതോടെ ഇടക്കാലത്ത് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ നിരീക്ഷണവും നിയന്ത്രണങ്ങളും അയഞ്ഞതോടെ വീണ്ടും സൈബർ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുകയാണ്.
കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന 719 കോടി രൂപയുടെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 10 പേരെ ഗാന്ധിനഗർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത് ആഴ്ചകൾക്ക് മുമ്പാണ്. തട്ടിപ്പുകാർ സൈബർ ചതികളിലൂടെ സമാഹരിച്ച പണം വ്യാജ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് വിദേശത്തേക്ക്, കൈമാറ്റം ചെയ്യാൻ സഹായിച്ച ഇടനിലക്കാരാണ് പിടിയിലായത്.ഭാവ് നഗറിലെ ഇൻഡസ് ബാങ്കിൽ ഇതിനായി അക്കൗണ്ടുകൾ തുറക്കുകയും, ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ചെക്കുകൾ വഴിയും പണമായും തുക പിൻവലിച്ച് കൈമാറ്റം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. കേരളത്തിലെ 91 കേസുകൾ ഉൾപ്പെടെ ആകെ 1447 സൈബർ തട്ടിപ്പ് കേസുകളുമായി ഈ തട്ടിപ്പിന് ബന്ധമുണ്ടെന്നും അറസ്റ്റിലായവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഭയം വേണ്ട ജാഗ്രത മാത്രം മതി...!!
സംസ്ഥാനത്ത് ഇതിനോടകം സൈബർ തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. ഇതിൽ പ്രമുഖ നിയമജ്ഞർ മുതൽ മതപുരോഹിതർ വരെയുളളവരുണ്ട്. ഡിജിറ്റൽ അറസ്റ്റ്, ഷെയർ ട്രേഡിങ്, വായ്പ ആപ്പുകൾ, ഒൺലൈൻ ജോലി, തുടങ്ങി വിവിധ തരത്തിലുളള തട്ടിപ്പുകളിലാണ് ഇവരിൽ പലരും ഇരയായിട്ടുളളത്. എന്നാൽ അൽപം ജാഗ്രതയുണ്ടെങ്കിൽ സൈബർ തട്ടിപ്പുകാരെ നമുക്ക് തുരത്താൻ കഴിയും.
സൈബർ അറസ്റ്റ് എന്ന ഒരു നിയമനടപടി രാജ്യത്തില്ലെന്ന ബോധ്യമാണ് ഇക്കാര്യത്തിൽ ആദ്യം വേണ്ടത്. ഫോൺ വഴി ആര് ആവശ്യപ്പെട്ടാലും അക്കൗണ്ടിന്റെ വിശദാംശങ്ങളോ വ്യക്തിഗത വിവരങ്ങളോ നൽകരുത്. ആരെങ്കിലും അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയുമരുത്. അഥവാ അശ്രദ്ധ മൂലം തട്ടിപ്പിനിരയായാൽ വിവരം എത്രയും വേഗത്തിൽ 1930 എന്ന നമ്പറിൽ സൈബർ പൊലീസിൽ റിപോർട്ട് ചെയ്യണം.നേരത്തേ വിവരം ലഭിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകും.ഇതോടൊപ്പം പൊലീസിന് പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് സഹായകമാകും. തട്ടിപ്പ് നടന്ന ശേഷമുള്ള 24 മണിക്കൂർ നിർണായകമാണ്.
സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വഴി നഷ്ടമായ പണത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഇത് വരെ വീണ്ടെടുക്കാനായിട്ടുള്ളൂ. തട്ടിപ്പിനിരയായവർ വിവരം അറിയിക്കുന്നതിൽ വന്ന കാലതാമസമാണ് ഇതിന് കാരണം.
ശ്രദ്ധിക്കുക
ഫോൺ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാതിരിക്കുക
അജ്ഞാതരുടെ കോളുകൾക്കും മെസേജുകൾക്കും പ്രതികരണം നൽകാതിരിക്കുക
അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
അത്തരം കോളുകൾക്ക് മറുപടിയായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കോ യു.പി.ഐയിലേക്കോ പണം നിക്ഷേപിക്കരുത്
സമൂഹ മാധ്യമ അക്കൗണ്ടുകളും സെൽ ഫോണുകളുമെല്ലാം പരമാവധി സുരക്ഷിതമായി ഉപയോഗിക്കുക
ബാങ്കുകളുടേയോ മറ്റ് സർക്കാർ സ്ഥാപനങ്ങളുടേയോ പേരിൽ വരുന്ന കോളുകൾക്ക് ഒ.ടി.പി പങ്കുവക്കാതിരിക്കുക
തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ ഉടൻ പൊലീസിൽ വിവരം അറിയിക്കുക
തട്ടിപ്പിന് കളമൊരുക്കി വാട്സ്ആപ്പ് മെസേജുകളും കോളുകളും
വിവിധ രീതിയിലുളള തട്ടിപ്പിന് കളമൊരുക്കാനായി തട്ടിപ്പുകാർ കൂടുതലായും ആശ്രയിക്കുന്നത് വാട്സ്ആപ്പ് കോളുകളും മെസേജുകളുമാണ്. സർക്കാർ വകുപ്പുകളുടെ ഫീസും പിഴയും തുടങ്ങി ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും അടക്കം ചോദിച്ചുളള മെസേജുകളും ലിങ്കുകളുമാണ് പലർക്കും ലഭിക്കുന്നത്. ഇന്നലെ തൊടുപുഴ സ്വദേശിക്ക് വന്ന മെസേജ് ആർ.ടി.ഒ ചെല്ലാൻ എന്ന പേരിലാണ്.
ഗതാഗത നിയമം ലംഘിച്ചതിന് 500രൂപ പിഴയിട്ടതായും ഇതടക്കാനുളള ലിങ്കും ഒപ്പമുണ്ടായി. അറിയാതെ ലിങ്ക് ഓപ്പണാക്കുന്നവരോ പണം അയക്കുന്നവരോ ആണ് തട്ടിപ്പിന് ഇരയാകുന്നത്. ഇവരുടെ അക്കൗണ്ട് അടക്കം മുഴുവൻ വിവരങ്ങളും നിമിഷങ്ങൾക്കകം ഹാക്ക് ചെയ്യപ്പെടുകയാണ്.ഇതോടൊപ്പം വ്യാജ ഫോൺ കോളുകൾ വഴിയും തട്ടിപ്പുകൾ നടത്തുന്നുണ്ട്.നെറ്റ് കോളുകളോ അന്താരാഷ്ട്ര നമ്പറുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. പുറം രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുളള തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നതെന്നതിനാൽ ഇടപെടാൻ പൊലീസിനും പരിമിതിയുണ്ട്. ഇതാണ് തട്ടിപ്പുകാർ വളമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.