അപകടാവസ്ഥയിലായ മൂന്നുങ്കവയൽ തൂക്കുപാലം
മൂലമറ്റം: ടെൻഡർ നടപടികൾ പൂർത്തിയായിട്ടും തൂക്കുപാലം നിർമാണം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ.മൂന്നുങ്കവയൽ തൂക്കുപാലം നിർമാണമാണ് അനിശ്ചിതമായി വൈകുന്നത്. 20 ലക്ഷം രൂപയാണ് പാലം പുനർനിർമിക്കാൻ അനുവദിച്ചിട്ടുള്ളത്.പാലം തകർന്നതോടെ പ്രദേശവാസികൾ എട്ട് കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് മറുകര എത്തുന്നത്. പാലം തകർന്ന് ഒരുവർഷം കഴിഞ്ഞപ്പോഴാണ് ടെൻഡർ നടപടി ആരംഭിച്ചത്.
കണ്ണിക്കൽ, പുത്തേട്, കൂവപ്പള്ളി, മൂന്നുങ്കവയൽ, മൈലാടുംപാറ കോളനി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർ മറുകര എത്തുന്നത് മൂന്നുങ്കവയൽ തൂക്കുപാലം വഴിയാണ്. ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ ഒരു പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോളജ് വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരാണ് ഇരുചക്രവാഹനത്തിൽ പാലത്തിന് മറുകരയിലെത്തിയിരുന്നത്.
ബസ് റൂട്ടില്ലാത്തതിനാൽ പ്രദേശത്തുള്ളവർ ഏറെയും മറുകര എത്താൻ ആശ്രയിക്കുന്നത് തൂക്കുപാലത്തെയാണ്. തൂക്കുപാലം വരെ വാഹനങ്ങൾ കടന്നുപോകുന്ന വഴി നിലവിലുണ്ട്. ഇവിടെ കോൺക്രീറ്റ് പാലം നിർമിച്ചാൽ പ്രദേശത്തുള്ളവർക്ക് ഏറെ പ്രയോജനകരമാകും.
അപകടകരമായ തൂക്കുപാലത്തിലൂടെ ആളുകൾ ഏറെ പണിപ്പെട്ടാണ് ഇപ്പോൾ മറുകരയിലെത്തുന്നത്.പാലം നിർമാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പാലം നിർമാണത്തിന് കരാർ നൽകിയതായി എം.വി.ഐ.പി അധികൃതർ പറഞ്ഞു. ഇരുമ്പുവടം ലഭിക്കാത്തതാണ് നിർമാണം വൈകാൻ കാരണമെന്നാണ് ഇവരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.