അഴുകി നശിക്കുന്ന ഇഞ്ചികൃഷി
അടിമാലി: കാലാവസ്ഥ വ്യതിയാനം ജില്ലയിലെ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നീണ്ടുനിന്ന മഴക്കാലവും ഇടക്കിടെ ഉണ്ടാകുന്ന കനത്ത വെയിലും കൃഷിയിടങ്ങളിൽ രോഗബാധ ഏറാൻ ഇടയാക്കുകയാണ്. രോഗബാധ ഇഞ്ചികൃഷിയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. മഞ്ഞളിപ്പ് രോഗം ബാധിച്ച് ഏക്കർകണക്കിന് ഇഞ്ചികൃഷിയാണ് നശിച്ചത്. ഇതിന് പുറമെയാണ് കുരുമുളക് വള്ളികളിൽ വാട്ടരോഗം വ്യാപകമായത്.
ഏറെ വർഷം അധ്വാനിച്ച് വളർത്തിയെടുത്ത കുരുമുളക് വള്ളികളാണ് വാട്ടരോഗം പിടിപെട്ട് നശിക്കുന്നത്. ഇത് കർഷകർക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. നല്ലവണ്ണം തിരിയിടുന്ന കുരുമുളക് വള്ളികളിൽപോലും മഞ്ഞളിപ്പ് ബാധിക്കുന്നുണ്ട്. ഇലകൾ പഴുത്തതിനു പിന്നാലെ തിരിയും തണ്ടും ഇലകളും കൊഴിഞ്ഞുവീഴുകയും കുരുമുളക് വള്ളികൾ നശിക്കുകയുമാണ് ചെയ്യുന്നത്.
ഈവർഷം ഉണ്ടായ ശക്തമായ മഴ റബർ തോട്ടങ്ങളിൽനിന്നുള്ള വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇല പൊഴിഞ്ഞതിനാൽ മഴ മാറിയിട്ടും തോട്ടങ്ങളിൽ ടാപ്പിങ് ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ടാപ്പിങ് നടത്താൻ കഴിയുന്ന ദിനങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് കർഷകർ പറയുന്നു.
ഇടുക്കിയിലെ കർഷകർക്ക് എന്നും താങ്ങായി നിന്ന കൊക്കോ കൃഷിക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാറിയ കാലാവസ്ഥയിൽ ഉൽപാദനം 60 ശതമാനം കുറഞ്ഞു. കൊക്കോയിൽ പൂവിടുന്നുണ്ടെങ്കിലും കരിഞ്ഞുപോകുന്നു. കായകൾ അഴുകി നശിക്കുന്നു. എന്നാൽ, രോഗത്തിന് പ്രതിവിധി നിർദേശിക്കുന്നത് തുരിശും കുമ്മായവും അടങ്ങിയ ബോഡോ മിശ്രിതം മാത്രമാണ്. ഇതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.
കുമിൾ ബാധയും വേരിൽ നീരൂറ്റി കുടിക്കുന്ന ശൽക്ക കീടങ്ങളുടെ ആക്രമണവും കുരുമുളക് ചെടികളുടെ ഇല പൊഴിയാനും മഞ്ഞളിപ്പിനും കാരണമാകുന്നുണ്ട്. വേരുകൾ പരിശോധിച്ച് കീട ആക്രമണം ഉണ്ടെങ്കിൽ ചെടികളുടെ ചുവട്ടിൽ മാർഷൽ കീടനാശിനി രണ്ട് മില്ലി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ചുവട്ടിൽ രണ്ട്, മൂന്ന് ലിറ്റർ ഒഴിക്കുക. (ചുവട് ഇളക്കാതിരിക്കാൻ ശ്രദ്ധിക്കണം).
മൂന്നു ദിവസത്തിനു ശേഷം ഒരു ലിറ്റർ വെള്ളത്തിൽ നാലുഗ്രാം സി.ഒ.സിയും നാല് മില്ലി സഞ്ചാർ 40ഉും ചേർത്ത് ചെടി കുളിപ്പിച്ച് തളിക്കുക.(നന്നായി നനയും വിധം) കഴിയുമെങ്കിൽ സ്പ്രയറിന്റെ നോസിൽ ഊരിമാറ്റി ചുവട്ടിലും നന്നായി ശക്തിയിൽ മരുന്നു കൊടുക്കുക (അല്ലെങ്കിൽ രണ്ട്, മൂന്ന് ലിറ്റർ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക). നശിച്ച ചെടികളുടെ അവശിഷ്ടം തോട്ടത്തിൽനിന്ന് നീക്കം ചെയ്യുക. ചുവട്ടിൽ പുത ഇട്ടത് ഉണ്ടെങ്കിൽ മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.