തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസിനുള്ളിൽ കലഹം അതിര് വിടുന്നു. ദിവസങ്ങളായി ആക്ഷേപങ്ങളും അഭിപ്രായ ഭിന്നതകളും രൂക്ഷമാകുകയാണ്. ഭിന്നത പരിഹരിക്കേണ്ട നേതൃത്വമടക്കം പരസ്യ നിലപാടുകളുമായി രംഗത്തിറങ്ങിയതോടെ പ്രവർത്തകർക്കിടയിലും അസംതൃപ്തി പുകഞ്ഞു തുടങ്ങി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളടക്കമുള്ളവർക്കെതിരെ പ്രസിഡന്‍റ് സി.പി. മാത്യു സ്വീകരിച്ച അച്ചടക്ക നടപടിയെ ഡീൻ കുര്യാക്കോസ് എം.പി വിമർശിച്ചതിന് പിന്നാലെയാണ് കലഹത്തിന് തുടക്കം കുറിച്ചത്.
പിന്നാലെ ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു രംഗത്തെത്തി. എം.പിയെ കൊണ്ട് ഡി.സി.സിക്ക് ഒരു ഗുണവുമില്ലെന്നും സംഘടന നടത്തിക്കൊണ്ട് പോകാൻ ആവശ്യമായ ഒരു സഹായവും എം.പി ചെയ്യുന്നില്ലെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ കാണിക്കുന്നതെന്നുമായിരുന്നു മാത്യുവിന്‍റെ വിമർശനം. ഇതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ പരസ്യ നിലപാടുകളുമായി മാത്യുവിനെതിരെ രംഗത്തെത്തുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലടക്കം ഡി.സി.സി പ്രസിഡൻറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ കടുത്ത ഭാഷയിൽ വിമർശനവും ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. സി.പി മാത്യു രാഷ്ട്രീയ വിവേകം കാണിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്ഥാനത്തിന് നേരെ ചെളിവാരി എറിഞ്ഞ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് വളരെ മോശമാണെന്നും എം.പിയെ ആക്ഷേപിക്കാൻ നോക്കുന്നവർ അതിന്‍റെ പ്രത്യാഘാതം നേരിടുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഇദ്ദേഹം തന്നെ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
പിന്നാലെ യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവീനർ ഒ.ആർ. ശശിയും ഡി.സി.സി പ്രസിഡന്‍റിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്യു സജീവമല്ലായിരുന്നുവെന്നും ഒരു തെരഞ്ഞെടുപ്പിലും യാതൊരു പണിയും ചെയ്യാതെയാണ് അദ്ദേഹം ഡീൻ കുര്യാക്കോസിനെ വിമർശിക്കുന്നതെന്നും തുറന്നടിച്ചു. ഇതിനിടെ, കോൺഗ്രസ് നേതാക്കൾ പ്രതികരണങ്ങൾ നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമനും ചൂണ്ടിക്കാട്ടി. മാത്യു ജില്ലയിൽ കോൺഗ്രസിന്‍റെ ഒന്നാമത്തെ പദവി വഹിക്കുന്നയാളാണ്. വിജയത്തിന്‍റെ പാൽപ്പായസത്തിൽ മണ്ണിട്ട് വാരി ആരും ഇടരുതെന്നും നിലവിൽ ഡി.സി.സി പ്രസിഡന്‍റിനെ മാറ്റേണ്ട കാര്യമില്ലെന്നും നിഷ പറഞ്ഞു. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവല്ല. ഒരു മേശക്ക് ഇരുവശവും ഇരുന്ന് തീർേക്കണ്ട പ്രശ്നം വഷളാക്കരുതെന്നും നിഷ തുറന്നടിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായതോടെ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും കടുക്കുന്നതായാണ് സൂചന. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് നേതാക്കൾ നൽകുന്ന വിവരം.
തൊടുപുഴ: ഡി.സി.സി പ്രസിഡന്‍റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഘടന നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സിക്കും കെ.പി.സിസി പ്രസിഡന്റിനും പരാതി നൽകി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്. പ്രസിഡന്‍റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പക്വതയില്ലാതെ പെരുമാറുന്ന ഡി.സി.സി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തൊടുപുഴ: പത്ത് വർഷത്തെ ഇടതു ദുർഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന അവസരത്തിൽ ജില്ലയിലെ ചില നേതാക്കളും പ്രവർത്തകരും പരസ്പരം ചെളിവാരി എറിയുന്നത് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.എ. ഷുക്കൂർ. കോൺഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും അവമതിപ്പ് ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ അടിയന്തിരമായി അവസാനിപ്പിക്കണം. കൂടാതെ ജില്ലയിലേയും സംസ്ഥാനത്തേയും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനു പിന്നിൽ അണിനിരക്കണമെന്നും ജില്ലയുടെ ചുമതലയുള്ള ഷുക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.