പഴയരിക്കണ്ടം-തെക്കൻതോണി റോഡിന്റെ അടങ്കൽ തുകയടക്കം രേഖപ്പെടുത്തിയ ബോർഡ്
ചെറുതോണി: യാഥാർഥ്യമാകാത്ത പഴയരിക്കണ്ടം-തെക്കൻ തോണി റോഡിന്റെ മറവിൽ കോടികളുടെ വെട്ടിപ്പ്. അഞ്ച് കോടിയിലേറെ ചെലവ് കണക്കാക്കിയ റോഡ് ‘ബോർഡിൽ’ ഒതുങ്ങി.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസിമേഖലയായ പഴയരിക്കണ്ടത്തുനിന്ന് തെക്കൻ തോണിയിലേക്ക് 6.74 കിലോമീറ്റർ റോഡ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 2019ൽപെടുത്തി. നിർമാണത്തിന് അഞ്ച് കോടിയിലധികം രൂപയും അനുവദിച്ചു. പക്ഷേ, റോഡ് മാത്രം യാഥാർഥ്യമായില്ല. പകരം ഇല്ലാത്ത റോഡ് നിർമിച്ചതായി കാണിച്ച് പഴയരിക്കണ്ടം-ചൂടൻസിറ്റി റോഡ് വക്കിൽ ബോർഡ് സ്ഥാപിച്ചു. 5,34,16,000 രൂപ ചെലവിൽ പഴയരിക്കണ്ടത്തുനിന്ന് തെക്കൻ തോണിയിലേക്ക് റോഡ് നിർമിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഒരു റോഡ് പഴയരിക്കണ്ടത്തുനിന്ന് തെക്കൻ തോണിയിലേക്ക് നിർമിച്ചിട്ടില്ലെന്ന് തെക്കൻ തോണിക്കാർ പറയുന്നു.
ഗ്രാമത്തിലെത്താൻ വെണ്മണിയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച രണ്ടര മീറ്റർ വീതി മാത്രമുള്ള കോൺക്രീറ്റ് പാതയാണുള്ളത്. അമ്പതോളം കുടുംബം അധിവസിക്കുന്ന അവികസിത ഗ്രാമമാണ് തെക്കൻ തോണി. വിനോദ സഞ്ചാരത്തിന് മികച്ച സാധ്യതയുള്ള ഗ്രാമത്തിലേക്കുള്ള റോഡ് ശോച്യാവസ്ഥയിലാണ്.
ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് സഞ്ചരിക്കാവുന്ന ഇടുങ്ങിയ പാതയാണ് തെക്കൻ തോണിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്.
റോഡ് നിർമിച്ചതായി കാണിച്ച് ബോർഡ് സ്ഥാപിച്ച ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഗുരുതരമായ ക്രമക്കേടാണ് നടത്തിയതെന്ന് ആദിവാസികൾ ചൂണ്ടിക്കാട്ടുന്നു
ഇല്ലാത്ത പാതയുടെ പേരിൽ പണം അനുവദിപ്പിച്ച് തട്ടിപ്പ് നടത്തിയ വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തിൽ വിവരാവകാശത്തിന് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് തെക്കൻതോണി മുൻ ഊരുമൂപ്പൻ ജോൺ സാമുവൽ പറഞ്ഞു.
അമ്പതോളം കുടുംബങ്ങൾ അധിവസിക്കുന്ന അവികസിത വന പ്രദേശമായ തെക്കൻ തോണിയുടെ വികസനത്തിനു ഉതകുമായിരുന്ന പാത നിർമിക്കാതെ പ്രധാനമന്ത്രി ഗ്രാമീണ റോഡിന്റെ പേരിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും പഴയരിക്കണ്ടം-തെക്കൻ തോണി റോഡ് യാഥാർഥ്യമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.