ഇടുക്കി നഴ്സിങ് കോളജ്; വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുങ്ങുന്നു

ചെറുതോണി: ഇടുക്കി നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ ജില്ല കലക്ടർ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മെഡിക്കല്‍ കോളജ്, നഴ്സിങ് കോളേജ് അധികൃതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നഴ്സിങ് കോളജിലെ കുട്ടികൾ നേരിടുന്ന ദുരവസ്ഥ സംബന്ധിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു. പൈനാവിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ 32 മുറികളില്‍ ഒഴിഞ്ഞുകിടക്കുന്ന 16 മുറികളില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കും. ഒരു മുറിയില്‍ നാല് വിദ്യാര്‍ഥികള്‍ വീതം 64 വിദ്യാര്‍ഥികളെ ഇവിടെ താമസിപ്പിക്കാനാകും.

മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ 18 മുറികള്‍ ഒഴിവുണ്ട്. ഒരു മുറിയില്‍ നാലു കുട്ടികള്‍ വീതം 72 വിദ്യാര്‍ഥികളെ ഈ മുറികളില്‍ താമസിപ്പിക്കാനാകും. നിലവില്‍ മറ്റ് സ്ഥലങ്ങളിലായി താമസിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും ഈ രണ്ടു സ്ഥലങ്ങളിലായി താമസിപ്പിക്കും. 12 ആണ്‍കുട്ടികൾക്ക് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളിൽ താമസ സൗകര്യം ഒരുക്കാൻ യോഗത്തില്‍ ധാരണയായതായി ജില്ല കലക്ടർ അറിയിച്ചു.

മെഡിക്കല്‍ കോളജിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന്റെയും ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്സിന്റെയും നിർമാണം ഡിസംബര്‍ അവസാനം പൂര്‍ത്തിയാകും. ഇതിനു ശേഷമായിരിക്കും ആണ്‍കുട്ടികളെ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ നിലവില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റുകയെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Tags:    
News Summary - Idukki Nursing College; Accommodation facilities are being prepared for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.