ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ പ്രിൻസിപ്പൽ ഇല്ലാത്തതുമൂലം അംഗീകാരം നഷ്ടപ്പെട്ടേക്കും. രണ്ടുവർഷമായി ഇവിടെ പ്രിൻസിപ്പലിനെ നിയമിച്ചിട്ടില്ല. പകരം മറ്റൊരാൾക്ക് ചുമതല കൊടുത്തിരിക്കുകയാണ്. ഉടൻ പ്രിൻസിപ്പലിനെ നിയമിച്ചില്ലെങ്കിൽ അംഗീകാരം പിൻവലിക്കുന്നതടക്കം നടപടികളുണ്ടാവുമെന്ന് എ.ഐ.സി.ടി.ഇ മുന്നറിയിപ്പു നൽകി. പ്രിൻസിപ്പൽ ഇല്ലാത്തത് കോളജിന്റെ അക്രഡിറ്റേഷനെ ബാധിക്കും. അങ്ങനെ വന്നാൽ വിദ്യാർഥികളുടെ പ്ലേസ്മെന്റിനെയും പ്രതികൂലമായി ബാധിക്കും.
കോളജിൽ 1450 കുട്ടികൾ പഠിക്കുന്നുണ്ട്. എം.ടെക്, എം.ബി.എ, എം.സി.എ, ആർക്കിടെക്ച്ചർ കോഴ്സുകളും കോളജിലുണ്ട്. പ്രിൻസിപ്പലില്ലാത്തതുമൂലം ഗുരുതര പ്രതിസന്ധിയിലാണ് കോളജ്. അഖിലേന്ത്യ സാങ്കേതിക കൗൺസിലിന്റെ ചട്ടങ്ങൾ പാലിച്ചു മാത്രമേ നിയമനം നടത്താനാവൂ എന്നാണ് പുതിയ നിയമം. ഓപൺ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ട് ലിസ്റ്റുണ്ടാക്കുന്നത്.
15 വർഷത്തെ അധ്യാപന പരിചയവും യു.ജി.സി.എ.ഐ.സി.ടി.ഇ എസ്.സി.ഐ തുടങ്ങിയ അംഗീകൃത ജേണലുകളിൽ ചുരുങ്ങിയത് എട്ട് ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണമെന്നതും അടക്കമുള്ള യോഗ്യതയാണ് പ്രിൻസിപ്പൽ നിയമനത്തിന് പരിഗണിക്കുന്നത്.
ഒരുവർഷം മുമ്പ് ഇടുക്കിയിലടക്കം ഒഴിവുള്ള കോളജുകളിൽ സെലക്ട് ലിസ്റ്റുണ്ടാക്കി നിയമനം നടത്തിയെങ്കിലും ഇതിനെതിരെ ചിലർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടിയതോടെ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ജൂനിയറായ അധ്യാപകർക്ക് ചുമതല നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.