കരടിപ്പാറ ബസ് അപകടത്തിന് 48 വയസ്സ്: 1974 ഏപ്രിൽ 30നുണ്ടായ അപകടത്തിൽ മരിച്ചത് 33 പേർ

ചെറുതോണി: കരടിപ്പാറ ബസ് അപകടത്തിന് ശനിയാഴ്ച 48 വയസ്സ്. 1974 ഏപ്രിൽ 30ന് പള്ളിവാസൽ പവർഹൗസിൽനിന്ന് രണ്ട് കി.മീ. അകലെ കരടിപ്പാറ വളവിലുണ്ടായ അപകടത്തിൽ 10 സ്ത്രീകളടക്കം 33 പേരാണ് മരിച്ചത്. 24 പേർക്ക് പരിക്കേറ്റു. രാവിലെ എട്ടിന് നിറയെ യാത്രക്കാരുമായി മൂന്നാറിൽനിന്ന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് എതിരെ വന്ന പാർസൽ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 1500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പാറക്കെട്ടിൽ ഇടിച്ച് ഏലത്തോട്ടത്തിലേക്ക് വീണ ബസിൽനിന്ന് യാത്രക്കാരെ പുറത്തെത്തിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ആനച്ചാൽ, തോക്കുപാറ, കല്ലാർ എന്നിവിടങ്ങളിൽനിന്ന് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് ഡ്രൈവർ തലയോലപ്പറമ്പ് സ്വദേശി ദാമോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കണ്ടക്ടർ വടശ്ശേരിക്കര സാമുവൽ തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ ആദ്യം കണ്ണൻദേവൻ ആശുപത്രിയിലാണ് എത്തിച്ചത്. വഴിയിൽതന്നെ പലരും മരിച്ചു. ഇടുക്കി സന്ദർശിക്കാനെത്തിയ അന്നത്തെ ഗവർണർ എൻ.എൻ. വാഞ്ചുവും കലക്ടർ ഡി. ബാബുപോളും ആശുപത്രിയിൽ ഓടിയെത്തി. മൂന്നാറിലെ ഒരു കുടുംബത്തിൽനിന്നുള്ള വൈദ്യരമ്മ എന്ന കളരിക്കൽ മേരി ആന്‍റണി, മകൾ റാണി, റാണിയുടെ ഭർത്താവ് ജോസി, ബന്ധു ലിസമോൾ എന്നിവർ മരിച്ചവരിൽപെടുന്നു. മൂന്നാറിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന ഈ കുടുംബം കല്ലാറിലെ ഏലത്തോട്ടത്തിലേക്ക് പോകുകയായിരുന്നു. ലിസയുടെ സഹോദരി ഒരു വയസ്സുള്ള ലിൻഡ അത്ഭുതകരമായി രക്ഷപ്പെട്ടു. ലിൻഡ ഇപ്പോൾ ഡൽഹിയിൽ അഭിഭാഷകയാണ്.

കാറിൽ പിന്തുടർന്നെത്തി ബസിൽ കയറി മരണത്തിന് കീഴടങ്ങിയ സിസി ഈ ദുരന്തത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. മൂന്നാറിൽ ദന്താശുപത്രി നടത്തിയിരുന്ന ഡോ. പോൾ ബാബുവിന്‍റെ മകളായ സിസി വന്നപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ബാബു കാറിൽ മകളുമായി ബസിനെ പിന്തുടർന്നു. ഒന്നര കി.മീ. കഴിഞ്ഞപ്പോൾ ബസിന്‍റെ മുന്നിലെത്തിയ മകളെ കയറ്റിവിട്ടു. ആദ്യം സ്ഥിരീകരിച്ച മരണം സിസിയുടേതായിരുന്നു. അന്ന് കരടിപ്പാറയിൽ ആകെയുണ്ടായിരുന്നത് ഒരു ചായക്കട മാത്രമാണ്. ഇതിനടുത്ത് താമസിച്ചിരുന്ന പൈലിയുടെ മകൾ 12 വയസ്സുള്ള തുളസിയാണ് ബസ് മറിയുന്നത് ആദ്യം കണ്ടത്. കരടിപ്പാറക്ക് ഇപ്പോഴും കാര്യമായ മാറ്റമില്ല. ചായക്കടയുടെ സ്ഥാനത്ത് ഒരു റസ്റ്റാറന്‍റും ചെറിയ പെട്ടിക്കടകളും വന്നു. ബസ് മറിഞ്ഞ സ്ഥാനത്ത് പിന്നീട് കൈവരിയും ചുറ്റുമതിലും സ്ഥാപിച്ചു. അപകടത്തിൽ മരിച്ച മൂന്നാർ ബ്രദേഴ്സ് ഹോട്ടൽ ഉടമ മാത്യുവിന്‍റെ കുടുംബാംഗങ്ങൾ കോട്ടയം വടക്കൻ മണ്ണൂർ സെന്‍റ് തോമസ് പള്ളി സെമിത്തേരിയിലെത്തി എല്ലാ വർഷവും പ്രാർഥന നടത്താറുണ്ട്.

Tags:    
News Summary - 48 years old in Karadipara bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.