ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽനിന്ന്
ഇടുക്കി: ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ താരമായത് സേവ്യർ കൊച്ചുവീട്ടിലിന്റെ എച്ച്.എഫ് ഇനത്തിൽപെട്ട കറവപ്പശു. തങ്കമണി തിയറ്റർ പടിയിൽ നടന്ന പ്രദർശന മത്സരത്തിൽ വരിവരിയായി അണിനിരന്ന സുന്ദരി പശുക്കൾ നാട്ടുകാർക്ക് കാഴ്ചവിരുന്നായി. പ്രദർശന മത്സരത്തിൽ ആരോഗ്യം, പാലുൽപാദനം, ബ്രീഡ് ക്വാളിറ്റി, ശരീരഘടന, ബാഹ്യസൗന്ദര്യം എന്നീ ഘടകങ്ങളായിരുന്നു മാനദണ്ഡങ്ങൾ.
കറവപ്പശുക്കൾ, കിടാരികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വിവിധ ക്ഷീര സംഘങ്ങളില്‍നിന്നുള്ള കര്‍ഷകർ കന്നുകാലികളുമായി പ്രദര്‍ശനത്തിനെത്തി. കറവപ്പശു വിഭാഗത്തിൽ രണ്ടാംസ്ഥാനം ബാബു കവളങ്ങാട്, മൂന്നാംസ്ഥാനം ബിനൂപ് തങ്കമണി എന്നിവരുടെ പശുക്കളാണ് കരസ്ഥമാക്കിയത്. ഉടമകൾക്കുള്ള സമ്മാനത്തുക പൊതുസമ്മേളനത്തിൽ വിതരണം ചെയ്തു.
കർഷകസംഗമത്തിന്റെ ഭാഗമായി കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ക്ഷീരകർഷക സെമിനാറും നടന്നു. സെമിനാറിൽ ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി.ഇ മോഡറേറ്ററായി. കന്നുകാലി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡോ. ധനേഷ് കൃഷ്ണൻ സെമിനാർ അവതരിപ്പിച്ചു.
ഇടുക്കി ജി ല്ലയിലെ പല പ്രദേശങ്ങളിലും പശുക്കളിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ചർമമുഴ രോഗം, പ്രസവത്തോടും കറവയോടും അനുബന്ധിച്ചുണ്ടാകുന്ന വിവിധ രോഗങ്ങളും അതിനെ പ്രതിരോധിക്കാനുള്ള പ്രതിവിധികളും സെമിനാറിൽ ചർച്ചചെയ്തു. തൊടുപുഴ ക്ഷീരവികസന ഓഫിസർ ജാസ്മിൻ സി.എയുടെ ആഭിമുഖ്യത്തിൽ കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട് ചോദ്യോത്തര മത്സരം നടത്തി.
തങ്കമണി ആപ്കോസ് സെക്രട്ടറി സൈമൺ തോമസ്, ഇടുക്കി ഡയറി ഫാം ഇൻസ്ട്രക്ടർ വിനീത് സി.എ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.