ആലടി കുരിശുമല കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ്
കട്ടപ്പന ആലടി കുരിശുമല കുടിവെള്ള പദ്ധതി കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. മൂന്ന് താലൂക്കിലെ മൂന്നര ലക്ഷത്തോളം പേരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ലക്ഷ്യമിട്ട പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്. പദ്ധതിയുടെ ഭാഗമായി പെരിയാറിന് കുറുകെ നിർമിക്കാൻ തുടങ്ങിയ ചെക്ക്ഡാമിന് കെ.എസ്.ഇ.ബി സ്റ്റോപ് മെമ്മോ നൽകിയതും പൂർത്തീകരണത്തിന് തടസ്സമായി.
വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാകാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കാൽ നൂറ്റാണ്ട് മുമ്പ് തുടക്കമിട്ട ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഫലത്തിൽ ഇപ്പോഴും നിർമാണ ഘട്ടത്തിൽതന്നെ. കോടികൾ മുടക്കിയ ശേഷം ഒരുവട്ടം ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പലതവണകളായി ഫണ്ട് അനുവദിക്കുകയും ചെയ്ത ആലടി കുരിശുമല പദ്ധതിയിൽനിന്ന് എന്ന് കുടിവെള്ളം കിട്ടുമെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടിയില്ല. വ്യക്തമായ ആസൂത്രണം ഇല്ലാതിരുന്നതാണ് പദ്ധതി നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണം.
1995ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി ഫണ്ട് ഉയർത്തുകയും ചെയ്തു. തോണിത്തടിയിൽ പമ്പ് ഹൗസ്, കുരിശുമലയിൽ ടാങ്ക്, കല്യാണത്തണ്ട് ഉൾപ്പെടെ പ്രദേശങ്ങളിൽ ബൂസ്റ്റർ പമ്പ് ഹൗസ് എന്നിവയെല്ലാം പണിതെങ്കിലും ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം കിട്ടാതെ വന്നതോടെ 2008ൽ പദ്ധതി ഉപേക്ഷിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു. അനുവദിച്ച 23.7 കോടിയിൽ 15.12 കോടി ചെലവിട്ട ശേഷമായിരുന്നു ഈ നീക്കം.
തുടർന്ന് ജനപ്രതിനിധികളും സർക്കാറും ജില്ല ഭരണകൂടവും ഇടപെട്ട് 70 ദശലക്ഷം ലിറ്റർ വെള്ളം ഒരേസമയം ശുദ്ധീകരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനും അനുബന്ധ സംവിധാനങ്ങൾക്കും റവന്യൂ ഭൂമി ലഭ്യമാക്കി. വൈദ്യുതി ആവശ്യത്തിന് 2016ൽ ഒമ്പതു കോടി അനുവദിച്ചെങ്കിലും കൃത്യസമയത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നതോടെ ഫണ്ട് പാഴായി. ചീഫ് എൻജിനീയർ മുതൽ താഴെ നിർവഹണ വിഭാഗം അസി. എൻജിനീയർ വരെ ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥാനചലനമാണ് ഫണ്ട് ലാപ്സാകാൻ കാരണമെന്ന് പറയുന്നു.
വിവരം ശ്രദ്ധയിൽപെട്ട അന്നത്തെ എം.എൽ.എ ഇ.എസ്. ബിജിമോളുടെ ശ്രമഫലമായി 2017-18ൽ കിഫ്ബിയിൽനിന്ന് 46 കോടി അനുവദിച്ചതോടെ പദ്ധതിക്ക് വീണ്ടും ജീവൻവെച്ചു. തുടർന്ന് 16.51 കോടിയും ജലലഭ്യത പരിഹരിക്കാൻ പെരിയാറിനു കുറുകെ ചെക്ക്ഡാം നിർമിക്കാൻ മൂന്ന് കോടിയും അനുവദിച്ചു. കൂടാതെ വൈദ്യൂതി അനുബന്ധ പ്രവർത്തനങ്ങൾക്ക് 48.5 കോടി 2020ൽ കിഫ്ബിയിൽനിന്ന് വീണ്ടും അനുവദിച്ചു.
തോണിത്തടിയിലും ശുദ്ധീകരണ പ്ലാന്റിന് സമീപവും രണ്ടു ട്രാൻസ്ഫോർമർ, മലമുകളിൽ സബ് സ്റ്റേഷൻ, വൈദ്യുതി ലൈൻ തുടങ്ങിയവക്ക് 10.73 കോടിയും കൽത്തൊട്ടി, നരിയമ്പാറ എന്നിവിടങ്ങളിൽ പമ്പ് ഹൗസുകൾ, ശേഖരണ-വിതരണ പൈപ്പ് ലൈനുകൾ തുടങ്ങിയവക്ക് 5.78 കോടിയുമാണ് അനുവദിച്ചത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭ പ്രദേശങ്ങളിലെയും ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, പദ്ധതിയുടെ മുൻകാല അവസ്ഥ പോലെ തന്നെ കാര്യമായ നിർമാണ പുരോഗതി ഇപ്പോഴും ഉണ്ടാകുന്നില്ല. അതിനിടെ ഈ പദ്ധതിയുമായി സംയോജിപ്പിച്ച് മൂന്ന് താലൂക്കിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 795 കോടിയുടെ പദ്ധതി സർവേ വേറെയും നടത്തി.
ഉടുമ്പൻചോല താലൂക്കിലെ വണ്ടന്മേട്, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, ഇരട്ടയാർ, ഉടുമ്പൻചോല, സേനാപതി, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി പഞ്ചായത്തും പീരുമേട് താലൂക്കിലെ ചക്കുപള്ളം, ഉപ്പുതറ പഞ്ചായത്തും ഇടുക്കി താലൂക്കിലെ കാമാക്ഷി, മരിയാപുരം, കാഞ്ചിയാർ, വാത്തിക്കുടി പഞ്ചായത്തും കട്ടപ്പന നഗരസഭയും വാഗമൺ വില്ലേജുമാണ് (പീരുമേട് താലൂക്ക്) പദ്ധതിയുടെ പരിധിയിലുള്ളത്. 2018 ജനുവരിയിലെ കണക്ക് പ്രകാരം 795 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പദ്ധതി പൂർത്തിയാകുമ്പോൾ 1000 കോടി ചെലവാകുമെന്ന് വാട്ടർ അതോറിറ്റി കട്ടപ്പന ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സൂചിപ്പിച്ചിരുന്നു.
ഇടുക്കി ജലസംഭരണിയുടെ ഭാഗമായ അഞ്ചുരുളിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പൈപ്പ് മാർഗം വീടുകളിൽ എത്തിച്ചു നൽകുന്നതായിരുന്നു പദ്ധതി. പ്രധാന സ്ഥലങ്ങളിൽ പൊതുടാപ്പുകളും വിഭാവനം ചെയ്തിരുന്നു. വാട്ടർ അതോറിറ്റിയുടെ പ്രോജക്ട് പ്ലാനിങ് ആൻഡ് ഡിസൈനിങ് വിഭാഗം നടത്തിയ സർവേ നടപടികൾ ആറു മാസംകൊണ്ട് പൂർത്തീകരിച്ചു. എന്നാൽ, ഇക്കാര്യത്തിലും തുടർ നടപടികൾ ഇഴഞ്ഞാണു നീങ്ങുന്നത്. വേനൽ ശക്തമായതോടെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.