തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം കനത്ത മഴയിലും കാറ്റിലും കര്‍ഷകര്‍ക്ക് തിരിച്ചടിയായി വൻ വിളനാശം. പ്രതികൂല കാലാവസ്ഥ മൂലം ഈ വര്‍ഷം ജില്ലയില്‍ ഉണ്ടായത് അഞ്ചു കോടിയോളം രൂപയുടെ കൃഷി നാശമാണ്. 3255 കര്‍ഷകര്‍ക്കാണ് കാര്‍ഷിക വിളകള്‍ നശിച്ചത് മൂലം നഷ്ടമുണ്ടായത്. 3454 കര്‍ഷകരാണ് കൃഷി നാശമുണ്ടായതിന്റെ പേരില്‍ നഷ്ടപരിഹാരത്തിനായി കൃഷി വകുപ്പില്‍ അപേക്ഷ നല്‍കിയത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തിയാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. 347.79 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നാശമുണ്ടായത്.
എയിംസ് പോര്‍ട്ടല്‍ വഴിയാണ് കൃഷി നാശത്തിന് അപേക്ഷ നല്‍കേണ്ടത്. ഇതിനായി കര്‍ഷകര്‍ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നഷ്ടം നേരിട്ട കൃഷിക്കാര്‍ പേര്, വീട്ടുപേര്, വാര്‍ഡ്, കൃഷിഭൂമിയുടെ വിസ്തൃതി, കൃഷിനാശമുണ്ടായ വിളകളുടെ പേര്, എണ്ണം എന്നീ വിവരങ്ങള്‍ക്കൊപ്പം നഷ്ടമുണ്ടായ കൃഷിയിടത്തില്‍ കര്ഷകന് നില്ക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. വിളകള്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ 15 ദിവസത്തിനകവും മറ്റു കര്‍ഷകര്‍ 10 ദിവസത്തിനകവും അപേക്ഷിക്കണം. എന്നാല്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്കിയാലും ഇത് ലഭിക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കൂടുതൽ നഷ്ടം നെടുങ്കണ്ടം ബ്ലോക്കിൽ
നെടുങ്കണ്ടം ബ്ലോക്കിലെ കര്‍ഷകരാണ് കൂടുതല്‍ നാശം നേരിട്ടത്. 1088 കര്‍ഷകര്‍ക്കാണ് ഇവിടെ നഷ്ടമുണ്ടായത്. 102.30 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കട്ടപ്പന, ഇടുക്കി ബ്ലോക്കുകളിലും വ്യാപക കൃഷി നാശമുണ്ടായി. കട്ടപ്പന ബ്ലോക്കില്‍ 112.22 ഹെക്ടര്‍ സ്ഥലത്തായി 737 പേര്‍ക്കും ഇടുക്കി ബ്ലോക്കില്‍ 48.73 ഹെക്ടറില്‍ 561 കര്‍ഷകര്‍ക്കും കൃഷി നാശമുണ്ടായി. അടിമാലിയില്‍ 433 കര്‍ഷകരുടെ 54.84 ഹെക്ടര്‍, ദേവികുളത്ത് 175 കര്‍ഷകരുടെ 3.05 ഹെക്ടര്‍, ഇളംദേശത്ത് 175 പേരുടെ 6.68 ഹെക്ടര്‍, പീരുമേട് 145 കര്‍ഷകരുടെ 17.73 ഹെക്ടര്‍, തൊടുപുഴ ബ്ലോക്കില്‍ 63 പേരുടെ 2.22 ഹെക്ടര്‍ കൃഷിയും നശിച്ചു.
കനത്ത കാറ്റും മഴയുമുണ്ടായ മെയ്, ജൂണ്‍ മാസങ്ങളിലാണ് വലിയ തോതില്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായത്. ഇക്കാലയളവില്‍ ജില്ലയില്‍ 4.35 കോടി രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്തത്. കുരുമുളക്, റബര്‍ എന്നിവയാണ് വ്യാപകമായി നശിച്ചത്. ഓണം വിപണിയിലെത്തിക്കാന്‍ കൃഷി ചെയ്ത വാഴകള്‍ കാറ്റിലും മഴയിലും നിലം പൊത്തിയത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി. ഏലം, കൊക്കോ, ജാതി, ഗ്രാമ്പു, തെങ്ങ്, കമുക്, പച്ചക്കറി എന്നിവയും വലിയ തോതില്‍ നശിച്ചവയിലുള്‍പ്പെടും. പല കര്‍ഷകര്‍ക്കും ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.