അടിമാലി: മലയിടിച്ചിൽ ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് സഹായം നൽകുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായതായി ആക്ഷേപം. ഒരാൾ മരിക്കുകയും എട്ട് വീടുകൾ പൂർണമായി തകരുകയും 44 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്ത സംഭവത്തിലാണ് അധികൃതർ തികഞ്ഞ അനാസ്ഥ കാണിക്കുന്നത്.
മനുഷ്യനിർമിത ദുരന്തമെന്നാണ് ജില്ല കലക്ടർ ഈ വിഷയത്തിൽ നിലപാടെടുത്തത്. ക്യാമ്പിൽ ഭക്ഷണത്തിനുള്ള വസ്തുക്കൾ സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് എത്തിച്ച് നൽകുന്നതല്ലാതെ മറ്റൊരു പ്രവർത്തനവും ഇടപെടലും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി.
പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള സന്ധ്യയുടെ ചികിത്സച്ചെലവ് കരാർ കമ്പനിയും സുമനസ്സുകളും വഹിക്കാമെന്ന് അറിയിച്ചിട്ടുള്ളത് മാത്രമാണ് ഇപ്പോൾ കേൾക്കുന്ന ആശ്വാസ വാക്കുകൾ. ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ദുരന്തബാധിതർക്കും സർക്കാർ സഹായ പദ്ധതി നിലവിലുണ്ട്. എന്നാൽ അടിമാലി മലയിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ഇതേവരെ സർക്കാർ യാതൊരു സഹായവും ചെയ്തിട്ടില്ല.
മനുഷ്യ നിർമിത ദുരന്തമെങ്കിൽ ക്രിമിനൽ നടപടി പ്രകാരം കേസെടുത്ത് തുടർ നടപടി കൈക്കൊള്ളണം. ഇതിനുപോലും തയ്യാറാകാതെ മാറിനിൽക്കുന്ന സർക്കാർ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമർശനം. അടിമാലി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും കത്തിപ്പാറ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിലുമായാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ ശുചിമുറികൾ ഉപയോഗശൂന്യമായിരുന്നു. അന്തേവാസികൾ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ഇവ ശരിയാക്കാൻ അധികൃതർ എത്തിയത്.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവിടെ നടന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദുരന്തം ഉണ്ടായത് എന്നതാണ് വാസ്തവം. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിയും എൻ.എച്ച്.എ.ഐ തന്നെ നടത്തണമെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിലപാട്. പുനരധിവാസം ഉൾപ്പെടെ ഭാരിച്ച നടപടിയിൽ നിന്ന് ദേശീയപാത അതോറിറ്റി പിൻമാറാനാണ് സാധ്യതയേറെ.
മലയിടിഞ്ഞ ഭാഗത്ത് നിർമാണം നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. മറ്റിടങ്ങളിലും നിർമാണ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിൽ ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതടക്കം പ്രതിസന്ധിയുണ്ടാക്കും. മലയിടിഞ്ഞ ഭാഗത്താണെങ്കിൽ കൂടുതൽ മല വിണ്ടുകീറി നിൽക്കുന്ന അവസ്ഥയാണ്.
ദുരിതബാധിതർ സമരത്തിനൊരുങ്ങുന്നു
അടിമാലി: ദുരിത ബാധിതരായി ക്യാമ്പിൽ കഴിയുന്നവർ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സമര രംഗത്തേക്ക്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടിമാലിയിൽ ദേശീയപാത ഉപരോധ സമരം ഉൾപ്പെടെ നടത്താൻ ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർ യോഗം ചേർന്ന് തീരുമാനിച്ചു.
പുനരധിവാസം വേഗത്തിലാക്കുക, ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തുടർ നടപടി സ്വീകരിക്കുക, ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യമൊരുക്കുക, പുനരധിവാസ കാലയളവിൽ ഓരോ കുടുംബത്തിനും താമസിക്കാൻ വ്യത്യസ്ഥ സ്ഥലങ്ങളിൽ സംവിധാനം ഒരുക്കുക, ഉപജീവന മാർഗ്ഗങ്ങൾ ഒരുക്കി നൽകുക, നഷ്ടപ്പെട്ടുപോയ രേഖകളും പ്രമാണങ്ങളും ശരിയാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ദുരന്ത ബാധിതർ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.