അടിമാലി: അജ്ഞാതൻ തുടർച്ചയായി ഓട്ടോ തീയിട്ട് നശിപ്പിച്ചതോടെ ഗത്യന്തരമില്ലാതെ രാജേഷ് ഓട്ടോ പാർക്ക് ചെയ്യുന്നത് പൊലീസ് സ്റ്റേഷന്‍റെ മുറ്റത്തേക്ക് മാറ്റി. കാണാമറയത്തുള്ള പ്രതി തീവെച്ച് നശിപ്പിക്കാതിരിക്കാൻ സംരക്ഷണം തേടിയാണ് ഓട്ടോയുമായി രാജേഷ് സ്റ്റേഷനിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷ രണ്ട് വർഷത്തിനിടെ മൂന്ന് തവണയാണ് സജ്ഞാതർ തീയിട്ട് നശിപ്പിച്ചത്. പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസ് തന്നെയാണ് ഓട്ടോറിക്ഷ എല്ലാ ദിവസവും ഓട്ടം കഴിഞ്ഞ് സ്റ്റേഷന്റെ മുറ്റത്ത് കൊണ്ടുചെന്നിടാൻ നിർദേശിച്ചത്. ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ സംരക്ഷിക്കാൻ വേണ്ടി രാജേഷ് ദിവസവും രാവിലെ ഒന്നര കിലോമീറ്ററിലധികം സഞ്ചരിച്ച് സ്റ്റേഷനിലെത്തിയാണ് ഓട്ടത്തിന് പോകുന്നത്. ഓട്ടം അവസാനിച്ചതിനു ശേഷം തിരികെ സ്റ്റേഷനിലെത്തിക്കും.

ഓട്ടോറിക്ഷ സുരക്ഷിതമായെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിയാത്തിടത്തോളം കാലം തനിക്കൊരു സമാധാനമില്ലെന്നാണ് രാജേഷ് പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് രാജേഷിന്റെ തീരുമാനം. വീട്ടിലേക്ക് വാഹനം എത്തുന്ന വഴിയില്ലാത്തതിനാൽ സമീപത്തെ വീട്ടുമുറ്റത്താണ് രാജേഷ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. 2024 നവംബറിൽ ആദ്യമായി ഓട്ടോറിക്ഷ ആരോ കത്തിച്ചു. അര ലക്ഷത്തിലധികം രൂപ മുടക്കി നന്നാക്കി വീണ്ടും ഓട്ടം പോകാൻ തുടങ്ങി. 2025 സെപ്റ്റംബറിൽ വീണ്ടും ഇതേ വീട്ടുമുറ്റത്ത് വച്ച് ഓട്ടോറിക്ഷ കത്തിച്ചു. അന്നും പൂർണമായും വാഹനം കത്തിനശിച്ചു. 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്.കടം വാങ്ങിയും ഭാര്യയുടെ സ്വർണം പണയം വച്ചും രാജേഷ് വീണ്ടുമൊരു ഓട്ടോറിക്ഷ വാങ്ങി. ഓട്ടോറിക്ഷ നിർത്തിയിടുന്ന സ്ഥലത്ത് രാജേഷ് സി.സി.ടി.വിയും സ്ഥാപിച്ചു. 2025 ഡിസംബറിൽ വീണ്ടും ഓട്ടോറിക്ഷ തീവച്ചു.

ഹെൽമറ്റും മാസ്കും ധരിച്ച ഒരാൾ കുടയുമായെത്തി ഓട്ടോറിക്ഷയിൽ എന്തോ ദ്രാവകം ഒഴിച്ച ശേഷം തീയിടുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. എന്നാൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. വാർത്തയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി മൂന്നാർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒരു മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തൽക്കാലം സ്റ്റേഷന്‍റെ മുറ്റത്തു വന്ന് പ്രതി ഓട്ടോറിക്ഷയ്ക്കു തീയിടില്ലെന്ന ആശ്വാസത്തിലാണിപ്പോൾ രാജേഷ്.

Tags:    
News Summary - Rajesh parks his auto in the police station yard after being repeatedly set on fire by unknown persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.