സൂര്യനെല്ലിയിലെ കുടുംബശ്രീ ടീ ഹൗസ്
മൂന്നാർ: ഇത് വെറും ചായക്കടയല്ല, ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ചായത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമലയുടെ താഴ്വരയിൽ തലയുയർത്തി നിൽക്കുന്ന ഒരു കുടുംബശ്രീ വിജയഗാഥ കൂടിയാണ്; രണ്ടര വർഷമായി സൂര്യനെല്ലിയിൽ പ്രവർത്തിച്ചു വരുന്ന ടീ ഹൗസ്.
സൂര്യനെല്ലി സ്വദേശി കതിർപ്പറമ്പിൽ വിനോദ് കുമാറിന്റെ ഭാര്യ എസ്തേർ റാണി, അമ്മ എലിസബത്ത് എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. നേരത്തേ ഷെഫ് ആയിരുന്ന വിനോദ്. കോവിഡ് മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർക്കൊപ്പമുണ്ട്.കുടുംബശ്രീയുടെ തൊഴിൽ പരിശീലന പദ്ധതിയായ ആർ.കെ.ഐ.പി.ഡി.പി വഴിയാണ് സംരംഭത്തിലേക്ക് വഴിതുറന്നത്.
പരിശീലനത്തിൽ പങ്കെടുത്ത എസ്തേർ റാണി കാറ്ററിങ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു. ഒരു സംരംഭം എങ്ങനെ വിജയകരമായി തുടങ്ങാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ പരിശീലനത്തിലൂടെ ലഭിച്ചു. ആ ആത്മവിശ്വാസവും കുടുംബശ്രീ മിഷന്റെ ധനസഹായവും കൂടിയായതോടെയാണ് ടീ ഹൗസ് പിറവിയെടുത്തത്.
തുടക്കം മന്ദഗതിയിൽ ആയിരുന്നെങ്കിലും കോവിഡിന് ശേഷം ടൂറിസം മേഖലയിലുണ്ടായ ഉണർവ് ടീ ഹൗസിനെയും സജീവമാക്കി. ഇന്ന് മാസം ശരാശരി അമ്പതിനായിരം രൂപ ലാഭം ലഭിക്കും. കൊളുക്കുമല സന്ദർശിക്കുന്ന സഞ്ചാരികളാണ് ഉപഭോക്താക്കളിൽ കൂടുതലും. കൊളുക്കുമല, ഹാരിസൺ, കണ്ണൻ ദേവൻ തേയിലയാണ് ഉപയോഗിക്കുന്നത്.
രാവിലെ ആറുമുതൽ കട സജീവമാവും. 11 വരെ പ്രാതൽ ഇനങ്ങൾ, ഉച്ചക്ക് ഊണ്, ബിരിയാണി.വൈകീട്ട് ഗ്രിൽഡ് ചിക്കൻ മുതൽ വിവിധ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. സംഘമായി എത്തുന്ന സഞ്ചാരികൾക്കും മറ്റു ചടങ്ങുകൾക്ക് ഭക്ഷണം തയാറാക്കി നൽകുന്ന കാറ്ററിങ് സംവിധാനവും ഇവർ ഏറ്റെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.