ഇടുക്കി മെഡിക്കൽ കോളജിൽ പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിച്ചു

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 23ന് ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ എച്ച്.ഡി.സി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.

കഴിഞ്ഞ നവംബര്‍ ഒന്നിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. കരാറുകാരൻ പണിതീര്‍ത്ത് നല്‍കാത്തതിനെത്തുടര്‍ന്ന് നീണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ച മുതൽ സൈക്യാട്രി, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങള്‍ പഴയ കെട്ടിടത്തിലും ബാക്കിയെല്ലാ ഡിപ്പാര്‍ട്മെന്‍റുകളും പുതിയ കെട്ടിടത്തിലും പ്രവര്‍ത്തനമാരംഭിച്ചു.

ഡോക്ടര്‍മാര്‍ക്ക് മുറി അനുവദിച്ചിട്ടുണ്ടെങ്കിലും രോഗികളെ നോക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ശരിയായിട്ടില്ല. കര്‍ട്ടന്‍, പിടിപ്പിക്കാത്തതുമൂലം രോഗികളെ പരിശോധിക്കാന്‍ തടസ്സമുണ്ട്.വയറിങ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പല മുറികളിലും വൈദ്യുതിയില്ല. അത്യാഹിത വിഭാഗത്തിലും ഐ.സി.യുവിലും ഓക്സിജന്‍ പിടിപ്പിക്കുന്നതിനുള്ള പോയന്‍റുകള്‍ പിടിപ്പിക്കാത്തതും തടസ്സമായി.

അടിയന്തരമായി ആവശ്യമുള്ള രോഗികള്‍ക്ക് സിലിണ്ടര്‍ എത്തിച്ച് അതില്‍നിന്നാണ് ഓക്സിജന്‍ നല്‍കുന്നത്.ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന തടസ്സം. പണി തീര്‍ന്ന കെട്ടിടത്തില്‍ വാതിലുകള്‍ പിടിപ്പിക്കാത്തതും മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന വേസ്റ്റുകള്‍ മാറ്റാത്തതും മുറികള്‍ ശുചിയാക്കാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഫാര്‍മസി മുകളിലേക്ക് മാറ്റാനുള്ള പണികളാരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം പുതിയ ബ്ലോക്കില്‍ എഴുനൂറോളം പേരാണ് ചികിത്സ തേടിയെത്തിയതെങ്കിൽ പഴയ കെട്ടിടത്തില്‍ 200 ഓളംപേര്‍ വന്നു. ജില്ല ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ദിവസേന ആയിരത്തിലധികം രോഗികളും ആഞ്ഞൂറോളം കിടപ്പ് രോഗികളുമെത്തിയിരുന്നതാണ്. കെട്ടിടത്തി‍െൻറ പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് പറഞ്ഞു.

Tags:    
News Summary - A new block has started functioning at Idukki Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.