66 കെ.വി ലൈനിൽ തകരാർ; ഹൈറേഞ്ച് ഒരു രാത്രിയും പകലും ഇരുട്ടിൽ

കട്ടപ്പന: വാഴത്തോപ്പ് -നെടുംകണ്ടം 66 കെ.വി ലൈനിലെ തകരാറിനെത്തുടർന്ന്​ ഹൈറേഞ്ച് ഇരുട്ടിലായത് ഒരു രാത്രിയും പകലും. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് 66 കെ.വി ലൈനിൽ തകരാറുണ്ടായത്. തുടർന്ന് നെടുംകണ്ടം, കട്ടപ്പന, വണ്ടന്മേട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന 66 കെ.വി, 33 കെ.വി സബ്സ്റ്റേഷനുകളുടെ പരിധിയിലെ ഉപഭോക്താക്കൾ ഇരുട്ടിലായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്​ 3.30യോടെയാണ് തകരാർ പരിഹരിച്ച്​ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്​. അതുവരെ ഹൈറേഞ്ച് മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനം മുടങ്ങി. മോട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെവന്നതോടെ കുടിവെള്ളത്തിനും ആളുകൾ വിഷമിച്ചു. തുടർന്ന് വൈദ്യുതി ഓഫിസുകളിലേക്ക് നിരന്തരം പരാതി എത്തി. കർഷകരും വ്യാപാരികളും ഒരുപോലെ പ്രതിഷേധം അറിയിച്ചു. കട്ടപ്പന, നെടുംകണ്ടം, വണ്ടന്മേട് സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ചെങ്കുളം പവർ ഹൗസിൽനിന്നാണ്. ഈ ലൈനിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ ബാക്ക് ഫീഡിങ് സംവിധാനമില്ലാത്ത സബ് സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങും. താരതമ്യേന പഴക്കംചെന്ന ഉപകരണങ്ങളാണ് ഇവിടെ ഉപയോഗത്തിലുള്ളത്. 66 കെ.വി ഫീഡർ ലൈനിൽ ഡിസ്ക് തകരാറിനെ തുടർന്ന് ഒരാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് വൈദ്യുതി തടസ്സപ്പെടുന്നത്. ലൈനിൽ തകരാറ് ഉണ്ടായാൽ കണ്ടുപിടിച്ച്​ പരിഹരിക്കാൻ കുറഞ്ഞത് 12 മണിക്കൂറെങ്കിലും വേണ്ടിവരുന്നതുകൊണ്ട് പകൽസമയം മുഴുവൻ വൈദ്യുതി ഇല്ലാത്ത സ്ഥിതിയാണ്. കുത്തുങ്കൽ -നെടുംകണ്ടം 110 കെ.വി ലൈൻ അടിയന്തരമായി പ്രവർത്തിപ്പിക്കുകയാണ് ഇതിന്​ പരിഹാരം. പ്രതീക്ഷയോടെ ആരംഭിച്ച കുത്തുങ്കൽ -നെടുങ്കണ്ടം 110 കെ.വി ഫീഡർ ലൈനിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. 78ഓളം ടവറുകൾ വരുന്ന 17 കിലോമീറ്റർ ദൂരമുള്ള ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ വൈദ്യുതി ബോർഡ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യ​പ്പെട്ടു. ഇതൊടെപ്പം വാഴത്തോപ്പ് -നെടുങ്കണ്ടം 66 കെ.വി ഫീഡർ ലൈനിലെ പഴകിയ ഉപകരണങ്ങൾ മാറ്റി പോളിമർ ഇൻസുലെറ്ററുകൾ സ്ഥാപിച്ച് ഡിസ്ക് തകരാറിലാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ.പി. ഹസൻ, കട്ടപ്പന മർച്ചന്‍റസ്​ അസോ. പ്രസിഡന്‍റ്​ എം.കെ. തോമസ്, നെടുങ്കണ്ടം മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ ആർ. സുരേഷ്, ജനറൽ സെക്രട്ടറി ജയിംസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.