തൊടുപുഴ: ജില്ലയില്‍ റോഡപകടങ്ങളില്‍ വർധന. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ ജില്ലയില്‍ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളുമായി ട്രക്കിങിന് പോയ ജീപ്പ് പോതമേട് വ്യൂ പോയന്റിന് താഴ്ഭാഗത്ത് നിയന്ത്രണം വിട്ടുമറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ആറുമാസത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 62 പേരാണ്. ഒരുമാസം ശരാശരി 10 പേര് ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അപകടങ്ങളില്‍ 793 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 53 അപകടങ്ങളിലായാണ് 61 പേര് മരിച്ചത്. ഇതിനുപുറമെ കേസെടുക്കാതെ ഒത്തുതീര്‍പ്പിലെത്തുന്നതും നിസ്സാര പരിക്കോടെ രക്ഷപ്പെടുന്ന അപകടങ്ങളുമുണ്ട്.
അപകടത്തില്‍പെടുന്നതില്‍ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മലയോര പാതകളിലൂടെ വാഹനമോടിക്കുന്നതിലുള്ള പരിചയക്കുറവും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞതാണ് ജില്ലയിലെ റോഡുകളില്‍ ഭൂരിഭാഗവും. ഇത്തരം റോഡുകളിലൂടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറയുന്നു.
മറ്റുജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിലെ വിവിധ റോഡുകളിൽ അപകട സാധ്യത കൂടുതലാണെന്നതാണ് വസ്തുത. കൊടുംവളവുകളും വശങ്ങളിൽ അഗാധ കൊക്കകളുമുള്ള ഹൈറേഞ്ചിലെ റോഡുകളിലെ അപകടക്കെണികൾ തിരിച്ചറിയാതെ അപകടത്തിൽപ്പെട്ടവരും ഏറെയുണ്ട്. വിനോദസഞ്ചാരത്തിനും മറ്റുമായി ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്നവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നതിൽ ഏറെയും.
സാധാരണ റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർക്ക് ഹൈറേഞ്ചിലെ വളവും തിരിവുമുള്ള റോഡുകളിൽ വാഹനമോടിക്കുക ശ്രമകരമാണ്. മൂടൽ മഞ്ഞും മഴയുമെല്ലാം ഇവിടെ ഡ്രൈവർമാർക്ക് മുന്നിൽ വില്ലനാവുന്നു. അപകട സാധ്യതയേറെയുള്ള ഹൈറേഞ്ചിലെ പല റോഡുകളിലും ആവശ്യത്തിന് സൂചനാബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇനിയും സ്ഥാപിച്ചിട്ടില്ല.
വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യ അപര്യാപ്തതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഹൈറേഞ്ചിലെ പല റോഡുകള്‍ക്കും ആവശ്യമായ വീതിയോ പാതയോരങ്ങളില്‍ സംരക്ഷണ ഭിത്തിയോ ഇല്ല. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളാണ് മറ്റൊരു കെണി. നനഞ്ഞുകിടക്കുന്ന റോഡും, കാഴ്ച മങ്ങും വിധമുള്ള കനത്ത മഴയും മൂടല്‍ മഞ്ഞും അപരിചിത റോഡുകളിലെ കുഴികളും മഴക്കാലത്ത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മഴയിലും കാറ്റിലും വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണും ജില്ലയില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.