തൊടുപുഴ: തടിയമ്പാട് -ചപ്പാത്ത് പാലം പുനർനിർമിക്കാൻ സി.ആർ.ഐ.എഫ് പദ്ധതിയിൽ 32 കോടി രൂപ അനുവദിച്ചു. 200 മീറ്റർ നീളത്തിലാകും പുതിയ പാലം നിർമിക്കുക. വെള്ളപ്പൊക്കവും ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകൾ മുന്നിൽക്കണ്ടാകും പുതിയ പാലം നിർമാണം.
വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. 2022ലെ കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ തകർന്ന പാലം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരുന്നു. ഇടുക്കി ജലസംഭരണി തുറക്കുമ്പോൾ ഉണ്ടാകുന്ന കുത്തൊഴുക്കും പാലത്തിനെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.നാലുദിവസം പെരിയാറിലെ കുത്തൊഴുക്കിൽ മുങ്ങിക്കിടന്ന തടിയമ്പാട് ചപ്പാത്തും ഭാഗികമായി തകർന്നിരുന്നു.
ചപ്പാത്തിന്റെ മധ്യഭാഗത്തുനിന്ന് മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കരയിലേക്കുള്ള ഭാഗത്താണ് തകർച്ച കണ്ടെത്തിയത്. ചപ്പാത്തിന്റെ കൈവരികൾക്കും കാര്യമായ തകരാർ സംഭവിച്ചിരുന്നു. ഇത് പിന്നീട് ഗതാഗതയോഗ്യമാക്കി. ഇടുക്കി അണക്കെട്ട് നിർമാണം പൂർത്തിയാതോടെ പെരിയാറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി കൂടുതലായി ജലാശയത്തിൽ എത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ വഴിയാണ് ഒഴുക്കിവിടുന്നത്. ഇത് ഒഴുകിയെത്തുന്ന ചെറുതോണി പുഴയും പെരിയാറും വെള്ളക്കയത്താണ് സന്ധിക്കുന്നത്.
തുടർന്ന് വെള്ളം തടിയമ്പാട്, മരിയാപുരം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് വഴിയാണ് ഒഴുകിപ്പോകുന്നത്. അതേസമയം, പാലത്തിന്റെ നവീകരണത്തിന് തുക അനുവദിച്ചതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും ഡീൻ കുര്യാക്കോസ് എം.പിയും പ്രസ്താവനയുമായി രംഗത്തുവന്നു. പാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങളുടെ ആവശ്യത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഇടപെടലാണ് നവീകരണത്തിന് സഹായകമായതെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്.
എന്നാൽ, തടിയമ്പാട്-മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ പുതിയ പാലം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ പ്രോജക്ട് തയാറാക്കാൻ 2022 ഒക്ടോബർ 17ന് എം.പി പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നുവെന്നും തുടർന്ന് ഈ പാർലമെന്റ് സമ്മേളനത്തിനിടെ ഡിസംബറിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് അനുമതി വാങ്ങുകയായിരുന്നുവെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ്- സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 32 കോടി രൂപ അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.